മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക; കാത്തിരിക്കുന്നത് വന്‍ ശിക്ഷ

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 10,000 രൂപ പിഴ വീഴും. നേരത്തെ 2,000 രൂപ മാത്രം പിഴ ഈടാക്കിയിരുന്നിടത്താണ് ഇപ്പോള്‍ അഞ്ചിരട്ടിയായി പിഴ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അപകടകരമായി വാഹനമോടിച്ചാല്‍ 5,000 രൂപയും പിഴ ഈടാക്കും. പാര്‍ലമെന്റ് പാസാക്കിയ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിലാണ് നിയമലം ഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും കനത്ത പിഴ തന്നെ ഈടാക്കാനുമുള്ള നിര്‍ദ്ദേശമുള്ളത്. എല്ലാ ഗതാഗത നിയമലംഘനങ്ങള്‍ക്കുമേലുള്ള പിഴയും ഉയര്‍ത്തുന്നതാണ് ജൂലൈ 31ന് രാജ്യസഭ പാസാക്കിയ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ചുരുങ്ങിയ പിഴ 100 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തുന്നതാണ് പുതിയ ബില്‍. രാഷ്ട്രപതി കൂടി ഒപ്പിട്ട് കഴിഞ്ഞാല്‍ ഇത് നിയമമാകും.10,000 രൂപയാണ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി പിഴ. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ ബില്‍.
ട്രാഫിക് സിഗ്‌നല്‍ ലംഘിച്ചാലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാലും 5000 രൂപ പിഴയും ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴയ്ക്ക് പുറമേ മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

മറ്റ് നിയമഭേദഗതികള്‍

അമിത വേഗത : ചെറു വാഹനങ്ങള്‍ക്ക് 1,000 രൂപയും വലിയ വാഹനങ്ങള്‍ക്ക് 2,000 രൂപയും പിഴ
ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ : 5,000 രൂപ പിഴ
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ : 1,000 രൂപ പിഴ
ഓവര്‍ലോഡിംഗ് : ഇരുചക്ര വാഹനങ്ങളില്‍ അനുവദനീയമായതിലും അധികം ആളെ കയറ്റിയാല്‍ 2,000 രൂപ പിഴ, 3 മാസത്തേക്ക് ലൈന്‍സ് റദ്ദാക്കും.
ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍: 500 രൂപ പിഴ
ആമ്പുലന്‍സുകള്‍ക്കും മറ്റ് എമര്‍ജന്‍സി വാഹനങ്ങള്‍ക്കും വഴി നല്‍കിയില്ലെങ്കില്‍ 10,000 രൂപ പിഴ

share this post on...

Related posts