പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ ഫോറം അച്ചടി നിര്‍ത്താന്‍ പൊതുവിതരണ വകുപ്പിന്റെ ഉത്തരവ്

28-may-new-ration-cards

28-may-new-ration-cards
തൃശൂര്‍: 15ന് വിതരണം തുടങ്ങേണ്ട പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ ഫോറം അച്ചടി നിര്‍ത്താന്‍ പൊതുവിതരണ വകുപ്പിന്റെ അടിയന്തര ഉത്തരവ്. വ്യാഴാഴ്ച വൈകീട്ടാണ് അച്ചടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിര്‍ദേശം താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ലഭിച്ചത്. താലൂക്കുകള്‍ പ്രസുകള്‍ക്ക് കരാര്‍ നല്‍കി അപേക്ഷ അച്ചടി തുടങ്ങിയതിന് പിന്നാലെയാണ് ഉത്തരവ് വന്നത്. നാലുവര്‍ഷമായി പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ല. ഇത് പുനരാരംഭിക്കുന്നതിന് സപ്ലൈ ഓഫിസുകള്‍ മുഖേന 10,000 അപേക്ഷകള്‍ അച്ചടിച്ച് വിതരണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അപേക്ഷ അച്ചടിക്കല്‍ സംസ്ഥാനതലത്തില്‍ വകുപ്പ് ഏറ്റെടുത്ത് നടത്തുന്നതിനാണ് അടിയന്തര ഉത്തരവ് ഇറക്കിയതെന്ന് അറിയുന്നു. അച്ചടി ലോബിയുടെ ഇടപെടലാണ് കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയാന്‍ ഇടയാക്കിയതത്രെ.

അപേക്ഷകള്‍ ഒരുമിച്ച് അച്ചടിക്കേണ്ട ഓര്‍ഡര്‍ ലഭിക്കാന്‍ കമീഷന്‍ വാഗ്ദാനവുമായി എത്തിയ സംഘത്തിന്റെ പ്രലോഭനമാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ കാരണം. അപേക്ഷ വിതരണം തുടങ്ങാന്‍ അഞ്ചു ദിവസം മാത്രമാണുള്ളത്. ഇതില്‍ മൂന്ന് അവധി ദിവസങ്ങളാണ്. വകുപ്പിന്റെ അനുമതി ലഭിച്ച് മൂന്ന് ദിവസം കൊണ്ട് അച്ചടി പൂര്‍ത്തിയാക്കാനാവുമോയെന്ന സംശയം ഉയരുന്നുണ്ട്. ഭക്ഷ്യ ഭദ്രത നിയമത്തില്‍ വകുപ്പിനുണ്ടായ അബദ്ധങ്ങളില്‍ നിന്നും പാഠം പഠിച്ചില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ യു.ഡി.എഫ് സര്‍ക്കാറിനെ പഴിചാരി കൈ കഴുകിയിരുന്ന ഇടതുസര്‍ക്കാറാണ് പുതിയ ഉത്തരവുമായി എത്തിയിരിക്കുന്നത്. നടപടികള്‍ ഇങ്ങനെയായാല്‍ കോടികള്‍ ചെലവിട്ടിട്ടും ഭക്ഷ്യ ഭദ്രത നിമയം എങ്ങുമെത്താത്ത സാഹചര്യം തുടരും. കാര്യങ്ങള്‍ കൈവിട്ടുപോകുമ്പോഴും മുഖ്യമന്ത്രി അടക്കം വിഷയത്തില്‍ ഇടപെടുന്നുമില്ല.

Related posts