തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി വൈദ്യുത കാറുകളും

അന്തരീക്ഷമലിനീകരണ അളവു കുറയ്ക്കുക എന്ന ലക്ഷ്യമിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ പെട്രോള്‍ കാറിനു പകരം വൈദ്യുതി ഉപയോഗിച്ച് ഓടുന്ന കാറുകളെത്തി. രണ്ട് കാറുകളാണ് ആദ്യമായി വാങ്ങിയത്. വിമാനത്താവളത്തിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി, സുരക്ഷാവിഭാഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ആദ്യത്തെ കാറുകള്‍ വിതരണം ചെയ്തത്. കാറുകള്‍ക്ക് ആവശ്യമായ വൈദ്യുതി ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷന്‍ ഉടനെ സജ്ജമാക്കും. തത്കാലം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ള പ്ലഗ് പോയിന്റുകളില്‍നിന്ന് വൈദ്യുതി ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി ശീതീകരണ സംവിധാനമടക്കമുള്ളവ ഉപയോഗിച്ച് 90 കിലോമീറ്റര്‍ ദൂരം ഓടിക്കാനാവും. കൂടുതല്‍ കാറുകളാകുമ്പോള്‍ ചാര്‍ജു ചെയ്യുന്നതിനു സ്ഥിരം ചാര്‍ജ് സ്റ്റേഷന്‍ സ്ഥാപിക്കണം. ഇതിനായി കെ.എസ്.ഇ.ബി. അധികൃതരുമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കാറുകളുടെ താക്കോല്‍ദാനം വിമാനത്താവള ഡയറക്ടര്‍ സി.വി.രവീന്ദ്രന്‍ നിര്‍വഹിച്ചു. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ജോയിന്റ് ജി.എം.എം. ബാലചന്ദ്രന്‍, സീനിയര്‍മാനേജര്‍ (ടെക്‌നിക്കല്‍) ആര്‍.കിഷോര്‍നാഥ്, സീനിയര്‍മാനേജര്‍ എസ്.സുരേഷ്, സജിത്(ടാറ്റാ സര്‍വീസ്) എന്നിവര്‍ പങ്കെടുത്തു.

share this post on...

Related posts