പുതിയ വനിതാകമ്മീഷന്‍ അധ്യക്ഷ; ശ്രീമതിയുടേയും കെ.കെ.ഷൈലജയുടേയും പേരുകള്‍ പരിഗണനയില്‍

തിരുവനന്തപുരം: പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷക്കായി സിപിഎം ചര്‍ച്ച തുടങ്ങി. പികെ ശ്രീമതിയുടേയും കെ.കെ ഷൈലജയുടേയും പേരുകള്‍ പരിഗണനയില്‍ഉണ്ട് എന്നാണു സൂചന . ഇവരെ കൂടാതെ മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടേയും പേരുകള്‍ക്കാണ് മുന്‍തുക്കും. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരുമെന്നാണ് സൂചനകള്‍. ഇന്നലെയാണ് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് എംസി ജോസഫൈന്‍ പദവി രാജി വെച്ചത്.അതേസമയം സജീവരാഷ്ട്രീയത്തില്‍ ഇല്ലാത്ത സ്ത്രീപക്ഷ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നവരും നിയമപരിജ്ഞാനം ഉള്ളവരുമായ സ്ത്രീകളെ കമ്മീഷന്‍ അദ്ധ്യക്ഷയാക്കുകയാണ് നല്ലതെന്ന ആശയവും പരിഗണിക്കുന്നുണ്ട്. സി.എസ്. സുജാത, ടി.എന്‍.സീമ എന്നിവരുടെ പേരുകളാണ് ഈ സാഹചര്യത്തില്‍ ഉയരുന്നത്.. കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് അദ്ധ്യക്ഷ പദവി നല്‍കിയാല്‍ എന്തെന്ന ആലോചനയുമുണ്ട്.
കമ്മീഷന്‍ രൂപീകരിച്ച സമയത്ത് ആന്റണി സര്‍ക്കാര്‍ ആദ്യമായി ഈപദവിയിലേക്ക് നിയോഗിച്ചത് കവയിത്രി സുഗതകുമാരിയെ ആയിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ കഴിഞ്ഞ തവണ അധികാരത്തില്‍ എത്തിയപ്പോഴാണ് ജോസഫൈനെ നിയോഗിച്ചത്. 2017 മെയ് 27 നായിരുന്നു ജോസഫൈനെ സര്‍ക്കാര്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിയോഗിച്ചത്.
അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കേയാണ് വിമര്‍ശനത്തെ തുടര്‍ന്ന് അവര്‍ പടിയിറങ്ങുന്നത്. സാധാരണ സര്‍ക്കാര്‍ മാറുമ്പോള്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഇത്തരം പദവികളും രാജി വെയ്ക്കപ്പെടാറുണ്ടെങ്കിലും പിണറായി സര്‍ക്കാര്‍ അധികാര തുടര്‍ച്ച നേടിയതോടെയാണ് ജോസഫൈന്‍ അടക്കമുള്ളവര്‍ പദവിയില്‍ മുമ്പോട്ട് പോയത്. സിപിഎം കേന്ദ്രക്കമ്മറ്റിയംഗമാണ്.
സ്ഥാനമൊഴിഞ്ഞ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പരുക്കന്‍ പെരുമാറ്റത്തിനെതിരേ സിപിഎമ്മിന് ലഭിച്ചത് നിരവധി പരാതികള്‍. അദാലത്തിന് സമാനമായ പരിപാടിയില്‍ പങ്കെടുത്തതിലും പരാതിക്കാരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിലും ഗുരുതര ചട്ടലംഘനമുണ്ടായെന്നും സിപിഎം നേതൃത്വം വിലയിരുത്തി. ജോസഫൈന്റെ പകരക്കാരി ആരെന്ന ചര്‍ച്ചകളും സജീവമാണ്.
ചാനല്‍ പരിപാടിക്കിടെ ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവം മാത്രമല്ല എം സി ജോസഫൈന് തിരിച്ചടിയായത്. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പരാതികളാണ് സിപിഎം നേതൃത്വത്തിന് ലഭിച്ചത്. സഹായം തേടിയെത്തുന്ന സ്ത്രീകളോട് മുരടന്‍ പെരുമാറ്റമാണ് കമ്മീഷന്റെതെന്നാണ് പരാതികളില്‍ ഏറെയും. തലക്കനത്തോടെയുള്ള പെരുമാറ്റമാണ് ജോസഫൈന്റതെന് സിപിഎം നേതാക്കളും അഭിപ്രായപ്പെട്ടു.

Related posts