രാത്രിയും തിളങ്ങും; സാംസങ് ഗാലക്സി എസ്11

അടുത്ത വര്‍ഷം ആദ്യം തന്നെ അഞ്ച് സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പെടുന്ന ഗാലക്‌സി എസ്11 പരമ്പര സാംസങ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാല്കസി എസ് 11, എസ്11 പ്ലസ് എന്നിവയുടെ 4ജി, 5ജി വേരിയന്റുകളും ഗാലക്‌സി എസ്11ഇ യുടെ 4ജി വേരിയന്റും ഇതില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. ഗാലക്‌സി എസ് 11 പ്ലസിന്റെ മുഖ്യ സവിശേഷത അതിന്റെ അഞ്ച് ക്യമാറകള്‍ തന്നെയായിരിക്കുമെന്ന് ലെറ്റ്‌സ്‌ഗൊഡിജിറ്റല്‍ വെബ്‌സൈറ്റ് പറയുന്നു. ഈ അഞ്ച് ക്യാമറ സെന്‍സറുകളില്‍ ഒന്നിന്റെ പേര് ‘ബ്രൈറ്റ് നൈറ്റ്’ ക്യാമറ സെന്‍സര്‍ എന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ നല്‍കിയ ഒരു പേറ്റന്റ് രേഖയെ അടിസ്ഥാനമാക്കിയാണ് ലെറ്റ്‌സ്‌ഗോ ഡിജിറ്റലിന്റെ റിപ്പോര്‍ട്ട്. സ്മാര്‍ട് ഫോണുകളിലും ടാബ് ലെറ്റുകളിലും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ബ്രൈറ്റ് നൈറ്റ് ക്യാമറ സെന്‍സറിന് വേണ്ടിയുള്ളതാണ് ഈ പേറ്റന്റ് അപേക്ഷ. കുറഞ്ഞ വെളിച്ചത്തില്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്തുക എന്ന ലക്ഷ്യത്തോടെയാവണം ഈ സെന്‍സര്‍ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഗാലക്‌സി നോട്ട് 10 , ഗാലക്‌സി എസ് 10 ഫോണുകളിലെ ക്യാമറയില്‍ ‘ബ്രൈറ്റ് നൈറ്റ്’ എന്ന പേരില്‍ ഒരു ക്യാമറാ മോഡ് സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ പ്രകാശമുള്ള ഇടങ്ങളില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ഈ ഫീച്ചര്‍ ഓട്ടോമാറ്റിക് ആയി ഓണ്‍ ആവും.

പുതിയ വിവരം അനുസരിച്ച് സോഫ്റ്റ് വെയര്‍ എന്ന നിലയില്‍ നിന്നും ‘ബ്രൈറ്റ് നൈറ്റ്’ എന്ന പേരില്‍ ഒരു ഹാര്‍ഡ് വെയര്‍ സംവിധാനം തയ്യാറാക്കിയിരിക്കുകയാണ് സാംസങ്.

സാംസങ് ഗാലക്‌സി എസ് 11 പ്ലസിന്റെ ക്യാമറ മോഡ്യൂള്‍ ചതുരാകൃതിയില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡ്യൂളിലായിരിക്കും അഞ്ച് ക്യാമറകളും രണ്ട് സെന്‍സറുകളും ഫ്‌ളാഷ് യൂണിറ്റും ഉണ്ടാവുക. സാംസങ്ങിന്റെ 5X ഒപ്റ്റിക്കല്‍ സൂം 10X ഹൈബ്രിഡ് സൂം സൗകര്യങ്ങളോടുകൂടിയുള്ള 108 എംപി ഐഎസ്ഒസെല്‍ ക്യാമറ സെന്‍സര്‍ ആയിരിക്കും ഇതില്‍ പ്രധാനം. ഇതില്‍ 27 എംപി ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. ഒപ്പം 48 എംപി ടെലിഫോട്ടോ ലെന്‍സും അഞ്ച് സെന്‍സറുകളില്‍ ഉള്‍പ്പെടും.

 

share this post on...

Related posts