ആര്‍ത്തവം – അശുദ്ധിയുടെ പേരില്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്ന യുവതിയും കുഞ്ഞുങ്ങളും ശ്വാസംമുട്ടി മരിച്ചു


കാഠ്മണ്ഡു: കേരളമൊട്ടാകെ ആര്‍ത്തവവും അതിന്റെ പേരിലുള്ള സമരങ്ങളും കൊണ്ട് നിറയുമ്പോള്‍ ആര്‍ത്തവ സമയത്ത് അശുദ്ധിയുടെ പേരില്‍ വായുസഞ്ചാരമില്ലാത്ത കുടിലില്‍ മാറിത്താമസിക്കേണ്ടി വന്ന വീട്ടമ്മയും രണ്ടു മക്കളും ശ്വാസംമുട്ടി മരിച്ച വാര്‍ത്ത വന്നിരിക്കുന്നത് നേപ്പാളില്‍ നിന്നുമാണ്.

പടിഞ്ഞാറന്‍ നേപ്പാളിലെ ബാജുര ജില്ലയിലാണ് സംഭവം. അംബ ബൊഹാറ (35)യും ഇവരുടെ 12 ഉം ഒന്‍പതും വയസ്സുള്ള ആണ്‍കുട്ടികളുമാണ് മരിച്ചത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീട്ടില്‍ നിന്നും അകലെയുള്ള മണ്‍കുടിലിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഇവിടുത്തുകാരുടെ രീതി.

വായുസഞ്ചാരം തീരെ കുറഞ്ഞ ‘ചൗപഡി’ എന്ന ചെറു കൂരകളാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ സമയത്ത് വീട്ടിലെ വസ്തുക്കളിലൊന്നും സ്പര്‍ശിക്കാന്‍ പോലുമുള്ള അവകാശം ഇവര്‍ക്കില്ല.

കൊടുംതണുപ്പില്‍ നിന്നും രക്ഷനേടാന്‍ കൂരയില്‍ തീ കൂട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം. യുവതിയുടെ ഭര്‍ത്തൃമാതാവ് പിറ്റേന്ന് കൂര തുറന്നപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന പുതപ്പ് കത്തിക്കരിഞ്ഞ നിലയിലാണ്. കാലിനും പൊള്ളലേറ്റിട്ടുണ്ട്.

2005 ല്‍ സര്‍ക്കാര്‍ നിരോധിച്ചതാണ് ഈ പ്രാകൃത ആചാരമെങ്കിലും പലയിടത്തും ഇപ്പോഴും ഇത് തുടര്‍ന്നു വരികയാണ്. തുടര്‍ന്ന് 2017ല്‍ ഇത് ക്രിമിനല്‍ക്കുറ്റമാക്കി. ആചാരം പിന്തുടരുന്നവരെ മൂന്നുമാസം തടവിന് ശിക്ഷിക്കാനും 3000 രൂപ പിഴ ഈടാക്കാനും നിയമമുണ്ട്.

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

share this post on...

Related posts