‘നയന്‍താരയ്ക്കു പേരിട്ട ഞാന്‍ സംപൂര്‍ണ പരാജിതനായി വീട്ടില്‍’; കുറിപ്പ്

തെന്നിന്ത്യന്‍ സൂപ്പര്‍നായിക നയന്‍താരയുടെ യഥാര്‍ഥനാമം ഡയാന മറിയം കുര്യന്‍ എന്നാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരേ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര സിനിമയിലെത്തിയത്. സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതിന് തൊട്ടുമുന്‍പ് ഡയാന മറിയം കുര്യന്‍ നയന്‍താരയായി. നടിക്ക് ആ പേര് കിട്ടിയ കഥ പറയുകയാണ് എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ പി.ആര്‍.

ജോണ്‍ ഡിറ്റോ പി.ആറിന്റെ കുറിപ്പ് വായിക്കാം

2003.. തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന്‍ സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. ഒരുദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.
‘ഡിറ്റോ ഒരു പേര് ആലോചിക്ക് ‘സാര്‍ നിര്‍ദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍ ചിന്തിച്ചു ..

മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.

…നയന്‍താര….ഞാന്‍ പറഞ്ഞു: നയന്‍താര ..

സാജന്‍സാര്‍ തലയാട്ടി…സ്വാമിനാഥന്‍ സാറും തലകുലുക്കി.

പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ …

സംപൂര്‍ണ പരാജിതനായി വീട്ടിലിരിക്കുന്നു.

നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്..

‘പുതിയ നിയമം’ എന്ന മമ്മൂട്ടിപ്പടം സാജന്‍ സാര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എങ്കില്‍ ഈ കഥ പറയാമായിരുന്നു.

share this post on...

Related posts