ഡൽഹി സർവകലാശാലയിൽ ജാതീയ അധിക്ഷേപം; വിദ്യാർത്ഥികൾക്ക് ക്രൂര മർദനം

ഡൽഹി സർവകലാശാലയിൽ വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചതായും ക്രൂരമായി മർദ്ദിച്ചതായും പരാതി. മലയാളി വിദ്യാർത്ഥി കൾക്ക് ഉൾപ്പെടെ മർദ്ദനത്തിൽ പരുക്കേറ്റു. എബിവിപി പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വിദ്യാർത്ഥികൾ ഡൽഹി മോറിഷ് ഗേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മൂന്ന് പേർക്കാണ് ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഡൽ​ഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാംജാസ് കോളജിൽ ജാതീയ അധിക്ഷേപവും ആക്രമണവും നടന്നത്. ക്യാന്റീന് സമീപം സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെ മൂന്നം​ഗ സംഘം ജാതിപ്പേര് പറഞ്ഞ് ആക്രമിക്കുകയായിരുന്നു.

കോളജിന് പുറത്തു നിന്നുള്ള രണ്ട് വിദ്യാർത്ഥികളും ഒരു പൂർവ വിദ്യാർത്ഥിയും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് മർദനമേറ്റ വിദ്യാർത്ഥികൾ പറയുന്നു. സംഘർഷം കനത്തതോടെ എട്ടോളം പേരെത്തി ഇവരെ കൂട്ടമായി മർദിക്കുകയായിരുന്നു. സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്കും ​ഗുരുതരമായി പരുക്കേറ്റു.

Related posts