നമോ ടിവി വിവാദം: പരിപാടികള്‍ മുന്‍കൂര്‍ പരിശോധനക്ക് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്

ദില്ലി: ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തിന് പിന്നാലെ ബിജെപി നമോ ടിവിയുടെ ഉള്ളടക്കം പരിശോധനക്കായി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. പരിശോധനക്ക് വിധേയമാക്കി മുന്‍ കൂര്‍ അനുമതി വാങ്ങിയ പരിപാടികള്‍ മാത്രമേ പ്രക്ഷേപണം ചെയ്യൂ എന്ന് ബിജെപി ഇലക്ഷന്‍ കമ്മീഷന് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച നമോ ടിവി എന്ന ചാനല്‍ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികള്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നമോ ടിവിയിലെ ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് നിര്‍ദ്ദേശിച്ചത്. നമോ ടിവി മുഴുവന്‍ സമയ ടെലിവിഷന്‍ ചാനല്‍ അല്ലെന്നും, നാപ്‌റ്റോള്‍ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‌ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്റെ വിശദീകരണം.
ഇതിന് പിന്നാലെയാണ് ചാനലിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം. മാര്‍ച്ച് 31-നാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് ചാനല്‍ തുടങ്ങിയത് തന്നെ. മാര്‍ച്ച് 10-നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.


 

share this post on...

Related posts