എല്ലാ വിഷയങ്ങളിലും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കണം എന്ന് നിർബന്ധമുണ്ടോയെന്ന് നടി നമിത പ്രമോദ് ചോദിക്കുകയാണ്. നടി അനശ്വര രാജനെതിരായ സെെബർ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച വീ ഹാവ് ലെഗ്ഗ്സ് ക്യാംപയിനിൽ നിന്നും മാറി നിന്നതിനെ കുറിച്ചായിരുന്നു നമിതയുടെ ഇത്തരത്തിലുള്ള പ്രതികരണം. നമിത പ്രതികരിച്ചത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ്. ‘പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളിൽ പ്രതികരിച്ചാൽ പോരേ? അതാണ് എന്റെ പോളിസി. ലോകത്ത് എന്ത് പ്രശ്നമുണ്ടായാലും അതിൽ പ്രതികരിക്കണം എന്നില്ല. അങ്ങനെ ചിന്തിക്കുന്ന മനസ് അല്ല എന്റേത്. സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. സിനിമയല്ലാതെ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്’ എന്ന് നമിത പറയുന്നു. ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കാറ് എന്ന ചോദ്യത്തിന് കൈ തട്ടി ലൈവ് ഒന്നും ആയിപ്പോകരുത് അതാണ് ഏറ്റവും വലിയ പേടി എന്നായിരുന്നു നമിത നൽകിയ മറുപടി.
മാത്രമല്ല തന്നെ നേരിട്ട് ബാധിക്കുന്ന കാര്യമായതുകൊണ്ട് വളരെ ശ്രദ്ധിച്ചേ ഓരോ ഫോട്ടോയും ഇടാറുള്ളൂ എന്നും നമിത കൂട്ടി ചേർത്തു. നല്ല കമന്റുകൾ ലൈക്ക് ചെയ്യാറുണ്ട്. മോശമായതും വരാറുണ്ട്. അത് ഡിലീറ്റ് ചെയ്യും. അവരെ ബ്ലോക്ക് ചെയ്യും. ചിലരുടെ സ്ക്രീൻ ഷോട്ടുകൾ എടുത്ത് തേച്ചൊട്ടിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഒപ്പം ഏത് നല്ല കാര്യത്തിനൊപ്പവും മോശം കാര്യവും ഉണ്ടാവുമല്ലോ ചിലർ അങ്ങനെയാണ്. പിന്നെ സിനിമ പോലുള്ള ഷോ ബിസിനസിൽ നിൽക്കുമ്പോൾ ഇത്തരം കമന്റുകൾ പ്രതീക്ഷിക്കണമെന്നും അത് നേരിടുകയാണ് വേണ്ടതെന്നും നമിത പറയുന്നു.