ഫോള്‍ഡിങ് ഡിസ്‌പ്ലേയുമായി മോട്ടോ റേസര്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

ഏറെനാളുകളായി ചര്‍ച്ചയായിരുന്ന മോട്ടോറോളയുടെ ആദ്യ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. മോട്ടോറോളയുടെ പഴയ റേസര്‍ ഫ്‌ളിപ്പ് ഫോണിനോട് സമാനമാണ് എങ്കിലും ഒരു അത്യാധുനികമായ നിര്‍മിതിയാണ് പുതിയ ഫോണ്‍. 1500 ഡോളറാണ് മോട്ടോ റേസര്‍ 2019 ഫോണിന്റെ വില. ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും വിലകുറഞ്ഞ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ ആണിത്. വിലകൂടിയ സാംസങ് ഗാലക്‌സി ഫോള്‍ഡിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് റേസര്‍ ഫോണിന് എത്തിച്ചേരാന്‍ സാധിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ മുതല്‍ മോട്ടോ റേസര്‍ 2019 അമേരിക്കന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തും.

മോട്ടോ റേസര്‍ 2019 സവിശേഷതകള്‍

രണ്ട് സ്‌ക്രീനുകളാണ് ഈ ഫോണിനുള്ളത്. 2142 ഃ 876 പിക്‌സല്‍ റസലൂഷനിലുള്ള 6.2 ഇഞ്ച് പിഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് പ്രധാനപ്പെട്ടത്. ഫ്‌ളെക്‌സ് വ്യൂ ഡിസ്‌പ്ലേ എന്നാണ് മോട്ടോറോള ഈ സ്‌ക്രീനിനെ വിളിക്കുന്നത്. നീളത്തിലുള്ള ഫോണ്‍ തുല്യമായി മടക്കുന്ന രീതിയില്‍ ക്ലാംഷെല്‍ ഫോള്‍ഡിങ് ആണ് ഇതിനുള്ളത്.

രണ്ടാമത്തേത് 2.7 ഇഞ്ച് ജിഓഎല്‍ഇഡി ഡിസ്‌പ്ലൈയാണ്. 600ഃ 800 പിക്‌സല്‍ റസലൂഷനാണ് ഈ സ്‌ക്രീനിനുള്ളത്. മടക്ക് നിവര്‍ത്തിയാല്‍ പ്രധാന സ്‌ക്രീനിന്റെ പിന്‍ഭാഗത്ത് മുകളിലായാണ് ഈ ചെറിയ സ്‌ക്രീന്‍ ഉണ്ടാവുക.

സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍ ചിപ്പ് ആണ് മോട്ടോ റേസറില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ശ്രേണിയില്‍ വരുന്ന കൂടിയ പ്രവര്‍ത്തന ക്ഷമതയുള്ള പ്രൊസസര്‍ ചിപ്പ് അല്ലെങ്കിലും ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പ്രൊസസര്‍ തന്നെ ധാരാളമാണ് എന്ന് കമ്പനി പറയുന്നു.

ഫോണില്‍ ഇസിം സൗകര്യം മാത്രമാണുള്ളത്. സാധാരണ സിംകാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാനാവില്ല.

ആറ് ജിബി റാം ശേഷിയും 128 ജിബി സ്‌റ്റോറേജ് സൗകര്യവും ഫോണിനുണ്ട്. മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ആവില്ല.

ഫോണിന് പിന്നില്‍ ഒരു ക്യാമറ സെന്‍സര്‍ മാത്രമാണുള്ളത്. ഫോണ്‍ മടക്കിയതിന് ശേഷം സെല്‍ഫിയ്ക്ക് വേണ്ടിയും ഇത് ഉപയോഗിക്കാം. 16 മെഗാപിക്‌സല്‍ സെന്‍സറാണിത്. എഫ് 1.7 അപ്പേര്‍ച്ചറുള്ള കാമറയില്‍ ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ് സൗകര്യമുണ്ടാവും.

പ്രധാന സ്‌ക്രീനിന് മുകളിലായി അഞ്ച് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറ നല്‍കിയിട്ടുണ്ട്. സെല്‍ഫിയ്ക്ക് വേണ്ടിയും വീഡിയോ കോളുകള്‍ക്കുമായി ഇത് ഉപയോഗിക്കാം.

ഹെഡ്‌ഫോണ്‍ ജാക്ക് ഫോണിനില്ല. എന്നാല്‍ ഫോണിന് താഴെയായി വലിയ സ്പീക്കര്‍ സ്ഥാപിച്ചിട്ടുണ്ട്.

2510 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. കുറഞ്ഞ ശേഷിയുള്ള ബാറ്ററിയാണെങ്കിലും 15 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 9 പൈ ഓഎസ് ആണ് ഫോണില്‍.

share this post on...

Related posts