മലയാളത്തിന്റെ അതുല്യ നടന്‍ മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മലയാളത്തിന്റെ അതുല്യ നടന്‍ മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയനായകന്‍ മോഹന്‍ലാല്‍. എന്റെ മധുസാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്ന് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. മധുവിന്റെ 86ാം ജന്മദിനമായ തിങ്കളാഴ്ച ‘മധു മധുരം തിരുമധുരം’ എന്ന പേരില്‍ തിരുവനന്തപുരത്തെ മാധ്യമസമൂഹം മധുവിനെ ആദരിച്ചു.. പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

”സിനിമ സന്തോഷവും പ്രോത്സാഹനവുംമാത്രമേ തന്നിട്ടുള്ളൂ. തിക്താനുഭവങ്ങളോ വേദനകളോ എന്റെ കല എനിക്ക് നല്‍കിയിട്ടില്ലെന്ന് മധു പറയുന്നു. അത് താരങ്ങളില്‍നിന്നായാലും സംവിധായകരില്‍നിന്നായാലും. സത്യന്‍, നസീര്‍ തുടങ്ങിയ അന്നത്തെ മുന്‍നിര താരങ്ങളും രാമു കാര്യാട്ട്, എ വിന്‍സെന്റ്, പി എന്‍ മേനോന്‍ ഉള്‍പ്പെടെയുള്ള സഹകരിച്ച എല്ലാസംവിധായകരും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. മലയാളികള്‍ നെഞ്ചേറ്റിയ സാഹിത്യകൃതികള്‍ സിനിമയായപ്പോള്‍ അഭിനയിക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമെന്നും മധു കൂട്ടിച്ചേര്‍ത്തു. നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ ‘റോളുകള്‍’ കൈകാര്യംചെയ്തിട്ടുണ്ട്. എന്നാല്‍ ‘നിര്‍മാതാവ്’ എന്ന റോളിലാണ് കൂടുതല്‍ സംതൃപ്തി. നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ തൃപ്തിക്കുറവില്ല കേട്ടോ. മധുവിന്റെ കണ്ണുകളില്‍ കുസൃതി. സിനിമയുടെ എ ടു ഇസെഡ്ഡ് വരെയുള്ള കാര്യങ്ങളില്‍ മുദ്രപതിപ്പിക്കുന്ന ആളായിരിക്കണം നിര്‍മാതാവ്.

” എല്ലാമേഖലകളിലും മാറ്റം സംഭവിച്ചപോലെ സിനിമയിലും വലിയ മാറ്റങ്ങളുണ്ടായി. ആ മാറ്റം പ്രകടമാണ്. സിനിമ അടിമുടി മാറി. എന്നാല്‍, പഴയ തലമുറമാത്രം പ്രതിഭകളെന്നും പുതിയവര്‍ മോശക്കാരുമെന്ന അഭിപ്രായം ഇല്ല. പഴയ കാലത്ത് രണ്ടോ മൂന്നോ പ്രതിഭകളാണ് ഉള്ളതെങ്കില്‍ ഇന്ന് ഇരുപതുപേരുണ്ട്. എന്നാല്‍, അംഗീകരിക്കപ്പെടാന്‍ താമസമുണ്ട്. പ്രേക്ഷകരും മാറി. അന്ന് കഥ കാണാനാണ് പ്രേക്ഷകര്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന് വരുന്നത് ‘കാഴ്ച’ കാണാനും. അന്നായാലും ഇന്നായാലും സമൂഹത്തെ നന്നാക്കിക്കളയാം എന്ന് ഉദ്ദേശിച്ച് ആരും സിനിമ പിടിച്ചിട്ടില്ല. അത്തരമൊരു ഉത്തരവാദിത്തം സിനിമയ്ക്കില്ല. സിനിമ ദുര്‍ഗുണപരിഹാര പാഠശാലയുമല്ല.സിനിമയിലെ ‘വനിതാ കൂട്ടായ്മ’യെ വിമര്‍ശിക്കേണ്ടതില്ല. ആവശ്യമെന്ന് തോന്നിയത് കൊണ്ടാകാം അവര്‍ അത്തരമൊരു കൂട്ടായ്മക്ക് രൂപം നല്‍കിയത്-മധു പറഞ്ഞു. നടന്‍, നിര്‍മാതാവ്, സംവിധായകന്‍, സ്റ്റുഡിയോ ഉടമ എന്നിങ്ങനെ ചലച്ചിത്രരംഗത്തെ വിവിധ മേഖലകളില്‍ 56 വര്‍ഷത്തെ മധുവിന്റെ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു വെബ്സൈറ്റിന്റെ ഉദ്ഘാടനം ശ്രീകുമാരന്‍ തമ്പി നിര്‍വഹിച്ചു. മധുവിന് സ്നേഹാദരം ആയി ഈ വെബ്സൈറ്റ് തയ്യാറാക്കിയത് അദ്ദേഹത്തിന്റെ മരുമകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ കൃഷ്ണകുമാര്‍ ആണ്.

share this post on...

Related posts