
ബെംഗളൂരു ആസ്ഥാനമായ മിത്രോം ആപ്പ് ഉടമകൾ മറ്റൊരു ആപ്പ് കൂടെ പുറത്ത് വിട്ടു, ആത്മനിർഭർ ആപ്സ്. പേര് സൂചിപ്പിക്കും പോലെ ഇന്ത്യൻ നിർമ്മിത ആപ്പുകൾ കണ്ടെത്താനും ഡൗൺലോഡ് ചെയ്യാനും ഉപകരിക്കും വിധമാണ് ആത്മനിർഭർ ആപ്സ് തയ്യാറക്കിയിരിക്കുന്നത്. ഇന്ത്യൻ ആപ്പുകളുടെ ഒരു ശേഖരം പോലെയാണ് ആത്മനിർഭർ ആപ്സ് പ്രവർത്തിക്കുന്നത്. ഇ-ലേർണിംഗ്, വാർത്തകൾ, ഷോപ്പിംഗ്, ഗെയിംസ്, വിനോദം, സിനിമ, സമൂഹ മാധ്യമങ്ങൾ എന്നിങ്ങനെ പല വിഭാഗങ്ങളിലെ പ്രശസ്തമായ ഇന്ത്യൻ ആപ്പുകൾ ഏതൊക്കെ എന്ന നിർദ്ദേശം ആത്മനിർഭർ ആപ്സ് ഉപഭോക്താക്കൾക്കായി നൽകും.