ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ കരുതിയിരുന്നോളൂ…. വിപണി പിടിക്കാന്‍ ചൈനീസ് എസ് യു വി വരുന്നു

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എംജി.

കമ്പനി ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം ഹെക്ടര്‍ ആയിരിക്കുമെന്നാണ് പുതിയ വാര്‍ത്ത. ഗ്രീക്ക് ദേവനായ ഹെക്ടറില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന് എംജി ഈ പേരു നല്‍കിയിരിക്കുന്നത്. വാഹനം ഈ വര്‍ഷം രണ്ടാ പാദത്തില്‍ വിപണിയിലെത്തുമെന്നും ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 14 ലക്ഷം മുതല്‍ 18 ലക്ഷം വരെയായിരിക്കും വിലയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്‌സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്തകാലത്താണ്.

രൂപകല്‍പനയിലും സാങ്കേതികതയിലും ഒപ്പം വിലയിലും എതിരാളികള്‍ക്ക് പേടി സ്വപ്നമാകും എം ജിയുടെ മോഡലുകളെന്നാണ് ഇന്ത്യന്‍ വാഹനലോകത്തെ പ്രതീക്ഷകള്‍. രൂപകല്‍പന ബ്രിട്ടനിലും ഉത്പാദനം പൂര്‍ണമായി ഇന്ത്യയിലുമായിട്ടാണ് എംജി മോട്ടോഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപം എംജിയുടെ വരവോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം പേര്‍ക്ക് ഹലോല്‍ പ്ലാന്റില്‍ ജോലി നല്‍കുമെന്നും ധാരാണപത്രത്തില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2019-മുതല്‍ വര്‍ഷംതോറും 50,000-70,000 യൂണിറ്റുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.പെട്രോള്‍-ഡീസല്‍ കാറുകളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് കാറുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഷാങ്ഹായില്‍ നടത്തിയ ചടങ്ങില്‍ ഹെക്ടറിന്റെ ആദ്യ ചിത്രം എംജി പ്രദര്‍ശിപ്പിച്ചിരുന്നു. ഹെക്ടറിനു പിന്നാലെ രണ്ടാമതായി സമ്പൂര്‍ണ ഇലക്ട്രിക് എസ്‌യുവി.യും കമ്പനി നിരത്തിലെത്തിച്ചേക്കും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

share this post on...

Related posts