പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായുള്ള ഇലക്ട്രിക് മോഡലുമായി എംജി

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായുള്ള ഇലക്ട്രിക് മോഡലുമായി എംജി എത്തുന്നു. ZS ഇലക്ട്രിക് എസ്.യു.വിയുമായാണ് എംജിയുടെ വരവ്. വിദേശത്തുളള റഗുലര്‍ പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്കിനും. ഒറ്റചാര്‍ജില്‍ 262 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇലക്ട്രിക് എസ്.യു.വിക്ക് സാധിക്കും. ഇന്ത്യയില്‍ 24 ലക്ഷം രൂപയോളമാണ് നിലവില്‍ കോനയുടെ എക്സ്ഷോറൂം വില.

എംജി നിരയിലെ ഏറ്റവും സാങ്കേതിക തികവേറിയ മോഡലാണിത്. ഇലക്ട്രിക് മോട്ടോറും 44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയും ചേര്‍ന്ന് 143 പിഎസ് പവറും 353 എന്‍എം ടോര്‍ക്കും നല്‍കും. സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാം.

മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 8.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും ZS ഇലക്ട്രിക്കിന് സാധിക്കും.അടുത്തിടെ ബ്രിട്ടണില്‍ ZS ഇലക്ട്രിക് എസ്.യു.വി എംജി പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഹ്യുണ്ടായ് കോനയാണ് എംജിയുടെ പ്രധാന എതിരാളി. കോനയെക്കാള്‍ 2-3 ലക്ഷം രൂപ കുറവായിരിക്കും ZS മോഡലിനെന്നാണ് സൂചന.

Related posts