‘വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ’, മൂന്നാം സ്ഥാനത്ത് നിന്ന് ഭൂരിപക്ഷം 11800ത്തിലേക്ക്, മേയര്‍ ബ്രോ ഇനി എംഎല്‍എ ബ്രോ

തിരുവനന്തപുരം: എന്‍എസ്എസ് അടക്കമുള്ളവരെ പിണക്കാനില്ലെന്നും, എന്നാല്‍ സമുദായ സംഘടനകള്‍ ഈ രീതിയില്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടതിനെ ജനം തള്ളിക്കളഞ്ഞതിന്റെ ഫലമാണ് വട്ടിയൂര്‍ക്കാവിലെ തന്റെ വിജയമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. മൂന്നാം സ്ഥാനത്ത് നിന്ന് നേരെ, എണ്ണായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിക്കുന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ തലസ്ഥാനത്തെ സിപിഎം ക്യാമ്പ് തികഞ്ഞ ആഹ്‌ളാദത്തിലാണ്.
”വട്ടിയൂര്‍ക്കാവിലെ ജനവിധി പല കാര്യങ്ങള്‍ക്കുമുള്ള മറുപടിയാണ്. ഞങ്ങള്‍ മുന്നോട്ടു വച്ച വികസന മുദ്രാവാക്യം ജനം സ്വീകരിക്കുന്ന സ്ഥിതിയാണ് വട്ടിയൂര്‍ക്കാവിലുണ്ടായിട്ടുള്ളത്. പ്രളയം അടക്കമുള്ളവയില്‍ നഗരസഭ ചെയ്തതിനെ യുഡിഎഫും എന്‍ഡിഎയും വല്ലാതെ അപഹസിച്ചു. അപ്പോഴൊക്കെ ഞങ്ങള്‍ പറഞ്ഞത് ഇതിന് ജനം മറുപടി നല്‍കുമെന്നാണ്. നഗരസഭ ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ജനത്തോട് പറഞ്ഞത്. നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനമടക്കമുള്ള നേട്ടങ്ങളാണ് ഞങ്ങള്‍ എടുത്ത് പറഞ്ഞത്. അത് അംഗീകരിച്ചതാണ് വിജയം എളുപ്പമാക്കിയത്”, വി കെ പ്രശാന്ത് പറഞ്ഞു.
സ്ഥാനാര്‍ത്ഥിയുടെ മെറിറ്റടക്കം ജനം ചര്‍ച്ച ചെയ്യുമെന്നുറപ്പല്ലേ എന്ന് പ്രശാന്ത് പറയുന്നു. നിഷ്പക്ഷരായ ജനം വോട്ട് ചെയ്തിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് റോള്‍ മോഡലാകുമെന്ന് ഉറപ്പിച്ച് പറയുന്നു വി കെ പ്രശാന്ത്.
എന്‍എസ്എസ് തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഇറങ്ങിയ ഇടമാണ്. അവിടെയാണ് ജയിക്കുന്നത്. വട്ടിയൂര്‍ക്കാവിന്റെ ശരിദൂരം എല്‍ഡിഎഫാണെന്ന് ഇതിലൂടെ വ്യക്തമാകുന്നെന്ന് പ്രശാന്ത് പറയുന്നു. സാമുദായിക ശക്തികള്‍ ഈ രീതിയില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതല്ല സൂചന കൂടി ഇതിലൂടെ വ്യക്തമായെന്ന് പ്രശാന്ത്.
”ഞങ്ങള്‍ക്ക് എല്ലാ വിഭാഗങ്ങളുടെയും വോട്ട് കിട്ടി. പ്രൊഫ. ടി എന്‍ സീമ, ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ക്കും അങ്ങനെ മുമ്പ് വോട്ട് കിട്ടിയിട്ടുണ്ട്. നിഷ്പക്ഷരുടെ വോട്ടും കിട്ടിയിട്ടുണ്ട്. യുഡിഎഫ് ബിജെപി ക്യാമ്പില്‍ നിന്നുള്ള വോട്ടുകള്‍ ഇങ്ങോട്ട് വന്നിട്ടുണ്ട്. എന്‍എസ്എസ്സിനെ എന്നല്ല ഒരു സംഘടനകളെയും പിണക്കുന്ന സമീപനം സര്‍ക്കാരിനും എനിക്കുമില്ല. അവരുടെ പരിഭവങ്ങളും പിണക്കങ്ങളും പരിഹരിക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞതാണ്. ഒരു സംഘടനയെയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളുമില്ല. സര്‍ക്കാരിന്റെ നയം തന്നെ എനിക്കും”, എന്ന് വി കെ പ്രശാന്ത്.

share this post on...

Related posts