മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗരീബ് ഫക്കീം സ്ഥാനമൊഴിയുന്നു

ameenah-gurib-fakim_0

ലാഗോസ്: സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗരീബ് ഫക്കീം സ്ഥാനമൊഴിയുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. പ്രസിഡന്റ് അടുത്തയാഴ്ച്ച സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്‌നൗത്ത അറിയിച്ചു. രാജ്യം 50ാമത് സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ രാജി. സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 12 ന് സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ട്.മൗറീഷ്യസില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലണ്ടന്‍ ആസ്ഥാനമായ സന്നദ്ധസംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയെന്നാണ് അമീനക്കെതിരായ ആരോപണം. 2016ലാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടത്. എന്നാല്‍, താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അമീന.വിദ്യാഭ്യാസ സംബന്ധമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്ലാനറ്റ് എര്‍ത് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇറ്റലി, ദുബൈ എന്നീ രാജ്യങ്ങളില്‍ വന്‍തുകക്ക് അമീന ഷോപ്പിങ് നടത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദത്തെ തുടര്‍ന്ന് പ്രസിഡന്റിനെ പുറത്താക്കണമെന്ന വാദം ശക്തമായ സാഹചര്യത്തിലാണ് അമീന ഫക്കീം രാജി സന്നദ്ധത അറിയിച്ചത്. 2015ലാണ് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റായി അമീന ഫക്കീം സ്ഥാനമേറ്റത്.

share this post on...

Related posts