മാരുതി എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പ് ഉടന്‍ എത്തിയേക്കും

മാരുതിയുടെ സിഎന്‍ജി ശ്രേണി വിപുലമാക്കാന്‍ ഏറ്റവും പുതിയ മോഡലായ എസ്-പ്രെസോ എത്തിയേക്കുമെന്ന് സൂചന. പെട്രോള്‍ വേരിയന്റിന് പിന്നാലെ സിഎന്‍ജി എന്‍ജിനിലും എസ്-പ്രെസോ നിരത്തിലെത്തിക്കാനുള്ള ഒരുക്കം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി മാരുതിയുടെ ചെറു ഡീസല്‍ കാറുകള്‍ക്ക് പകരമായി സിഎന്‍ജി വാഹനങ്ങള്‍ എത്തിക്കുമെന്ന് നിര്‍മാതാക്കള്‍ മുമ്ബുതന്നെ അറിയിച്ചിരുന്നു. നടപ്പുസാമ്ബത്തികവര്‍ഷം മാരുതി 31,000 സി.എന്‍.ജി. വാഹനങ്ങള്‍ നിരത്തിലിറക്കിയിരുന്നു.

നിലവില്‍ മാരുതിയുടെ ആള്‍ട്ടോ, ആള്‍ട്ടോ കെ 10, വാഗണര്‍, സെലേറിയോ, ഡിസയര്‍ ടൂര്‍ എസ്, ഈകോ തുടങ്ങിയ മോഡലുകളുടെ സി.എന്‍.ജി. പതിപ്പാണ് വിപണിയിലുള്ളത്. ഇവയുടെ കൂട്ടത്തിലേക്കാണ് മാരുതിയുടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ എസ്-പ്രെസോ എത്തുന്നത്.

എസ്-പ്രെസോയുടെ പെട്രോള്‍ പതിപ്പിനെക്കാള്‍ 50,000 രൂപവരെ അധികമായിരിക്കും സിഎന്‍ജി മോഡലിന്റെ വിലയെന്നാണ് സൂചന. അതേസമയം, പെട്രോള്‍ വാഹനത്തെക്കാള്‍ ഇന്ധനക്ഷമതയും പരിപാലന ചെലവും ഈ വാഹനത്തിന് കുറവായിരിക്കുമെന്നും വാര്‍ത്തയുണ്ട്.

നിലവില്‍ പെട്രോള്‍ വാഹനത്തിന് കരുത്തേകുന്ന 1.0 ലിറ്റര്‍ എന്‍ജിന്‍ തന്നെയായിരിക്കും സിഎന്‍ജിക്കും നല്‍കുക. സ്റ്റാന്റേര്‍ഡ്, എല്‍എക്സ്ഐ, വിഎക്സ്ഐ, വിഎക്സ്ഐ+ എന്നീ നാല് വേരിയന്റുകളിലാണ് എസ്-പ്രെസോ എത്തുന്നത്. ഇതില്‍ ഏത് വേരിയന്റാണ് സിഎന്‍ജി ആകുകയെന്ന് സൂചനയില്ല.

Related posts