
ചരിത്രകഥാപാത്രമായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം. സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിൻ്റെ സിംഹം. കൊവിഡ് മൂലം പൂട്ടിയ തീയേറ്ററുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചിത്രത്തിൻ്റെ റിലീസ് തീയ്യതി ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ചിത്രത്തിൻ്റെ റിലീസ് ഓണംറിലീസാക്കി നീട്ടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 26നായിരുന്നു ചിത്രത്തിൻ്റെ റീലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ഓടിടി റിലീസുകൾ സജീവമായപ്പോഴും മരക്കാർ തീയേറ്ററുകളിൽ മാത്രമേ എത്തുകയുള്ളൂവെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഓണം വരെ കാക്കേണ്ടതില്ലെന്ന സൂചനയാണ് ഇപ്പോൾ അണിയറപ്രവർത്തകർ നൽകുന്നത്. 2021 മെയ് 13ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തുമെന്ന വിവരമാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇതിനോടകം ചിത്രത്തിൻ്റേതായി പുറത്ത് വിട്ടിട്ടുള്ള പോസ്റ്ററുകളും ടീസറുകളും ട്രെയിലറുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. 2021ലെ ഏറെ പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് മരക്കാർ അറബിക്കടലിൻ്റെ സിംഹം. വൻ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണിത്. റിലീസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നാലെ പുറത്ത് വരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. കുഞ്ഞാലി മരക്കാർ നാലാമൻ്റെ കഥയാണ് ചിത്രം പറയുന്നത്.

മുഹമ്മദ് അലി എന്നറിയപ്പെടുന്ന കുഞ്ഞാലി മരക്കാർ നാലാമൻ്റെ കഥ കേൾക്കാൻ ലോക മലയാളികൾ കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ്. പതിനാറാം നൂറ്റാണ്ടിലെ സാമൂതിരിയുടെ കാലഘട്ടത്തിൽ ധീരനായ കപ്പിത്താനായിരുന്നു കുഞ്ഞാലി മരയ്ക്കാർ, കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തിനായി കാക്കുകയാണ് ആരാധകരും. ചിത്രത്തിൽ മോഹൻലാലെത്തുന്നത് ടൈറ്റിൽ കഥാപാത്രമായാണ്. അനി ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സുനിൽ ഷെട്ടി, അർജുൻ സർജ എന്നിവരും ചിത്രത്തിലുണ്ട്. പ്രഭു ഗണേശൻ, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻ്റ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, ആശീർവാദ് സിനിമാസ്, മൺസൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.