വാഹനങ്ങള്‍ വില്‍ക്കുവാന്‍ ഭീമമായ വിലക്കിഴിവ് നല്‍കേണ്ടിവരുമെന്ന് ബജാജ്

രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറുന്നതിന് മുന്നോടിയായി നിലവിലുള്ള ബിഎസ്-4 എന്‍ജിന്‍ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ നിര്‍മാതാക്കള്‍ ഭീമമായ വിലക്കിഴിവ് നല്‍കേണ്ടിവരുമെന്ന് വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി 2020-ഏപ്രിലിന് ശേഷം ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് വാഹനനിര്‍മാതാക്കളെ ആശങ്കയിലാക്കുന്നത്. ബജാജ് നിര്‍മിക്കുന്ന ഇരുചക്ര വാഹനങ്ങളിലും ത്രീവീലറുകളിലും ക്വാഡ്രിസൈക്കിളുകളിലുമെല്ലാം ഏപ്രില്‍ മാസത്തിന് മുമ്പുതന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കുമെന്നും, ബിഎസ്-6 എന്‍ജിനിലേക്ക് മാറാന്‍ എതിരാളികള്‍ ഒരുങ്ങിയോ എന്ന് സംശയമുണ്ടെന്ന് ബജാജിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യയിലുള്ള ഭൂരിപക്ഷം വാഹനനിര്‍മാതാക്കള്‍ക്കും ബിഎസ്-4 എന്‍ജിനിലുള്ള വാഹനങ്ങളുടെ വലിയ സ്റ്റോക്ക് ഉണ്ട്. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാതത്തോടെ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ 2020 ഏപ്രില്‍ മാസത്തോടെ ഈ വാഹനങ്ങള്‍ വില്‍ക്കാനാകാത്ത സ്ഥിതി വരും. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാഹനങ്ങള്‍ക്ക് നീതീകരിക്കാനാവാത്ത വില കിഴിവ് നല്‍കേണ്ടിവരുമെന്ന് ബജാജ് അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഇത് നിര്‍മാതാക്കള്‍ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും ബജാജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

share this post on...

Related posts