പാലാക്കാര്‍ക്ക് മാണിസാര്‍; കര്‍ഷക മാണിക്യം, വിടവാങ്ങിയത് രാഷ്ട്രീയ ചാണക്യന്‍

കോട്ടയം: തോമസ് മാണിയുടെയും ഏലിയാമ്മ മാണിയുടെയും മകനായി 1933ല്‍ കോട്ടയം ജില്ലയില്‍ മരങ്ങാട്ടുപിള്ളിയിലെ സിറിയന്‍ കാത്തലിക് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനനം. കരിങ്ങോഴക്കല്‍ മാണി മാണി എന്ന് മുഴുവന്‍ പേര്. കുറുവിലങ്ങാട് സെന്റ് മേരീസ്പാലാ സെന്റ് തോമസ് ഹൈസ്‌കൂളുകളിലാണ് വിദ്യാഭ്യാസം. പ്രസംഗത്തില്‍ കുട്ടിക്കാലത്തേ താല്‍പര്യം കാണിച്ച മാണി നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പിന്റെയും ഗോഡ് ഫാദറായി അറിയപ്പെട്ട അദ്ദേഹത്തിന് 1979ല്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് തലനാരിഴക്ക്. മുന്‍മന്ത്രി പി ടി ചാക്കോയുടെ മരുമകള്‍ പൊന്‍കുന്നത്തു നിന്നുള്ള കുട്ടിയമ്മയെ വിവാഹം കഴിച്ചു. മകന്‍ ജോസ് കെ മാണിയെ കൂടാതെ എല്‍സ, ആനി, സാലി, ടെസ്സി, സ്മിത എന്നീ അഞ്ച് പെണ്‍മക്കള്‍. 65ല്‍ പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചശേഷം അവിടെനിന്നും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു.
ആറു പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയായ കെ എം മാണി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ നേതാവെന്ന് അറിയപ്പെട്ടു. പാലാക്കാരുടെ മാണിസാര്‍, കര്‍ഷക മാണിക്യം എന്നിങ്ങനെ വിശേഷണങ്ങള്‍ അനവധി. അഴിമതിക്കെതിരെ നിയമസഭയില്‍ ഒട്ടേറെ തവണ കത്തിക്കയറിയ മാണി ഒടുവില്‍ വീണത് അഴിമതിയുടെ ശരമുനയേറ്റ്. ഇ എം എസ്, സി അച്യുതമേനോന്‍, കെ ആര്‍ ഗൗരിയമ്മ, എം എന്‍ ഗോവിന്ദന്‍ നായര്‍, എ കെ ആന്റണി തുടങ്ങി ബഹുമാന്യര്‍ക്കു നേരെപ്പോലും മാണി ആരോപണ ചളിവാരിയെറിയുകയുണ്ടായി.
1959ല്‍ കെപിസിസി അംഗമായെങ്കിലും ആ രാഷ്ട്രീയ ജീവിതം ശ്രദ്ധിക്കപ്പെടുന്നത് കേരള കോണ്‍ഗ്രസിലൂടെ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പി ടി ചാക്കോയുടെ ശിഷ്യനായാണ് ചുവടുറപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പരാമര്‍ശിക്കപ്പെട്ട നേതാവായ ചാക്കോ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അപവാദങ്ങളെ തുടര്‍ന്ന് രാജിവെച്ചു. തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കേരള കോണ്‍ഗ്രസ് രൂപീകരണത്തിലെത്തിച്ചത്.
തുടക്കത്തില്‍ അതിന്റെ ഭാഗമാകാതിരുന്ന മാണി കോണ്‍ഗ്രസുമായുള്ള വിലപേശലുകള്‍ക്കൊടുവില്‍ കളംമാറി. കേരള കോണ്‍ഗ്രസിന്റെ ആദ്യ ചെയര്‍മാന്‍ കെ എം ജോര്‍ജും ജനറല്‍ സെക്രട്ടറി ആര്‍ ബാലകൃഷ്ണ പിള്ളയും. 1964ല്‍ തിരുനക്കര മൈതാനിയില്‍ കര്‍ഷക പാര്‍ടിയെന്ന് വിശേഷിപ്പിച്ച് മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തി. അതുമുതല്‍ പാര്‍ടിയിലുണ്ടായ ഒട്ടേറെ ഭിന്നിക്കലിനും ഒന്നിക്കലിനും തിരുനക്കര സാക്ഷ്യംവഹിച്ചു; മാണിയും.

കടപ്പാട്: മനോരമ ഓൺലൈൻ

ചാക്കേയുടെ മരണത്തെ തുടര്‍ന്ന് മാണിയും ബാലകൃഷ്ണപിള്ളയും ശക്തരായി. പാര്‍ടി ചെയര്‍മാന്‍ കെ എം ജോര്‍ജ്. ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും ഒന്നിച്ചു വഹിക്കരുതെന്ന് പറഞ്ഞ് അടിയന്തരാവസ്ഥ കാലത്ത് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ജോര്‍ജ് മന്ത്രിയാകുന്നത് മാണി തടഞ്ഞു. മാണിയും പിള്ളയും മന്ത്രിമാരായി. 76ല്‍ ജോര്‍ജും മാണിയും പിരിഞ്ഞതോടെ കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന്റെ കാലം തുടങ്ങി. ജോര്‍ജ് അരങ്ങൊഴിഞ്ഞ ശേഷമാണ് മാണിയുമായി പിണങ്ങി പിള്ള പടിയിറങ്ങിയത്. പിന്നീട് പി ജെ ജോസഫ് പുറത്തുവന്ന് മറ്റൊരു കേരള കോണ്‍ഗ്രസിന് ജന്മംനല്‍കി.
80ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുമ്പോള്‍ ഘടകകക്ഷിയായ മാണി 82ല്‍ യുഡിഎഫില്‍ ചേക്കേറി. ജോസഫ് അന്നേ യുഡിഎഫില്‍. 84ല്‍ ഇരു ഗ്രൂപ്പും ലയിച്ചു. ‘വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ടി’യെന്ന മാണിയുടെ കണ്ടെത്തല്‍ അക്കാലത്താണ് വന്നത്. അടുത്തത് ടി എം ജേക്കബിന്റെ ഊഴം. ജോസഫും മാണിയും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിച്ചെങ്കിലും സ്ഥാനങ്ങള്‍ നല്‍കാന്‍ മാണി തയ്യാറായില്ല. അരനൂറ്റാണ്ട് കാലത്തിനിടെ ഏതാണ്ട് പതിനാറോളം പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസിലുണ്ടായി. പിളര്‍പ്പുകളൊന്നും ആദര്‍ശത്തെ ചൊല്ലിയല്ലായിരുന്നു; കറകളഞ്ഞ അധികാര തര്‍ക്കം. ഇതില്‍ ഒരു ഭാഗത്ത് എന്നും മാണിയുണ്ടായി.
കോണ്‍ഗ്രസിന്റെ മതേതര രാഷ്ട്രീയത്തെ കേരളകോണ്‍ഗ്രസിന്റെ മതരാഷ്ട്രീയവുമായി കൂട്ടിക്കെട്ടി വിലപേശി, തന്റെ അധികാരതാല്‍പര്യം സംരക്ഷിക്കുന്നതില്‍ മാണി എന്നും മിടുക്കുകാട്ടി. എങ്ങോട്ടു മറഞ്ഞാലും അണികളെ കൂടെനിര്‍ത്താനും സാധിച്ചു. അധികാരത്തില്‍ എത്തുന്നതിനുള്ള മാര്‍ഗം മാത്രമാണ് രാഷ്ട്രീയം എന്ന പാഠമാണ് അദ്ദേഹം അവര്‍ക്ക് നല്‍കിയത്. അധികാരം നേടിയെടുക്കുന്നതിന് ഏത് മാര്‍ഗവും ആവാം. കെ കരുണാകരനുശേഷം രാഷ്ട്രീയ ചാണക്യന്‍ എന്ന വിളിക്കപ്പെടാന്‍ ഇടയായതും അങ്ങനെ. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരിക്കാനും മന്ത്രിപദം അലങ്കരിക്കാനും കഴിഞ്ഞത് ആ തന്ത്രജ്ഞതയുടെ ബലത്തില്‍.
സമ്പദ്ശാസ്ത്രവും ലോകരാഷ്ട്രീയവുമെല്ലാം വഴങ്ങുമെന്ന് കാണിക്കുന്ന സിദ്ധാന്തങ്ങളും പ്രസ്താവനകളും മാണിയുടേതായി പുറത്തുവന്നു. സോവിയറ്റ് റഷ്യയില്‍ ഗോര്‍ബച്ചേവ് ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും പ്രഖ്യാപിച്ചപ്പോള്‍ ഈ ആശയം താന്‍ മുമ്പേ കൊണ്ടുവന്നതാണെന്ന് പ്രതികരിച്ചു. ഇതാണ് തന്റെ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ കാതല്‍ എന്നായിരുന്നു പ്രസ്താവന. നവലിബറല്‍ നയങ്ങള്‍ ശക്തിപ്പെട്ട കാലത്ത് അതിന്റെ പ്രചാരകനാകാനും അതുകൊണ്ടുതന്നെ മാണിക്ക് പ്രയാസമുണ്ടായില്ല. 13 തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച അദ്ദേഹത്തിന്റെ അവസാന ഊഴം ബാര്‍ കോഴക്കേസില്‍ തട്ടി പ്രക്ഷുബ്ധമായി. തിരിച്ചുവരവില്ലാത്ത വിധത്തിലുള്ള പിന്‍മടക്കമായി അത്. അരനൂറ്റാണ്ടു പിന്നിട്ട കേരള കോണ്‍ഗ്രസ് ചരിത്രം അപ്പോഴേക്കും മാണിയോടൊപ്പം.
മുന്നണി രാഷ്ട്രീയത്തില്‍ കാലിടറി തുടങ്ങിയപ്പോഴേക്കും മകന്‍ ജോസ് കെ മാണിയെ കളത്തിലിറങ്ങി അധികാര സ്ഥാനങ്ങള്‍ നിലനിര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പോടെ അടുത്ത തലമുറയിലേക്കുള്ള അധികാര കൈമാറ്റം മാണി സുഗമമായി നടത്തിയപ്പോള്‍ മുറിവേറ്റത് ജോസഫിനായിരുന്നു. പക്ഷേ അതൊന്നും മാണിയുടെ ലക്ഷ്യങ്ങള്‍ക്ക് വിഘാതമായില്ല.

share this post on...

Related posts