റഹീം സ്‌റ്റെർലിങ്ങിന്‌ ഹാട്രിക്‌; മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ മിന്നും തുടക്കം

ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിക്കും ലിവർപൂളിനും മികച്ച തുടക്കം.
റഹീം സ്‌റ്റെർലിങ്ങിന്റെ ഹാട്രിക്‌ മികവിൽ സിറ്റി വെസ്‌റ്റ്‌ഹാം യുണൈറ്റഡ‌ിനെ എതിരില്ലാത്ത അഞ്ച്‌ ഗോളിന്‌ തകർത്തു.
ലിവർപൂൾ ഒന്നിനെതിരെ നാല്‌ ഗോളിന്‌ നോർവിച്ച്‌ സിറ്റിയെ കീഴടക്കി.
സെർജിയോ അഗ്വേറോയെയും ബെർണാഡോ സിൽവയെയും ബെഞ്ചിലിരുത്തിയാണ്‌ വെസ്‌റ്റ്‌ ഹാമിനെതിരെ പെപ്‌ ഗ്വാർഡിയോള ടീമിനെ ഇറക്കിയത്‌. അരമണിക്കൂറിനുള്ളിൽ ബ്രസീൽതാരം ഗബ്രിയേൽ ജെസ്യൂസ്‌ സിറ്റിയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിലായിരുന്നു സ്‌റ്റെർലിങ്ങിന്റെ മിന്നുന്ന പ്രകടനം. രണ്ടാംപകുതി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സ്‌റ്റെർലിങ്‌ വെസ്‌റ്റ്‌ഹാം വലകുലുക്കി. പിന്നാലെ സ്‌റ്റെർലിങ്‌ ഒരുക്കിയ അവസരത്തിൽ ജെസ്യൂസ്‌ വെസ്‌റ്റ്‌ഹാം ഗോൾകീപ്പർ ലൂക്കാസ്‌ ഫാബിയാൻസ്‌കിയെ കീഴടക്കി. എന്നാൽ, വാർ പരിശോധനയിൽ സ്‌റ്റെർലിങ്‌ ഓഫ്‌ സൈഡാണെന്ന്‌ തെളിഞ്ഞു. പ്രീമിയർ ലീഗിൽ ആദ്യമായാണ്‌ വാർ ഉപയോഗിക്കുന്നത്‌.
പിന്നാലെ സ്‌റ്റെർലിങ്‌ രണ്ട്‌ ഗോൾ നേടി ഹാട്രിക്‌ പൂർത്തിയാക്കി. പകരക്കാരനായി ഇറങ്ങിയ അഗ്വേറോയും ഗോളടിച്ചു. അഗ്വേറോ അടിച്ച പെനൽറ്റി ഫാബിയാൻസ്‌കി തടുത്തിട്ടു. എന്നാൽ, വെസ്‌റ്റ്‌ ഹാം പ്രതിരോധക്കാരൻ ഡെക്ലാൻ റിസെ ഫൗളായെന്ന്‌ വാറിൽ തെളിഞ്ഞു. രണ്ടാമത്തെ അവസരത്തിൽ അഗ്വേറോ ലക്ഷ്യംകണ്ടു.
നോർവിച്ചിനെതിരെ മുഹമ്മദ്‌ സലാ, വിർജിൽ വാൻ ഡിക്ക്‌, ഡിവോക്‌ ഒറിഗി എന്നിവർ ലിവർപൂളിനായി ഗോളടിച്ചു. ഒരെണ്ണം നോർവിച്ചിന്റെ ഹാൻലി സേൽഫ്‌ ഗോളും.

share this post on...

Related posts