ലെസ്ബിയന്‍ പ്രണയകഥയുമായി ‘ഹോളി വൂണ്ട്’; ട്രെയിലര്‍ പുറത്ത്

തിരുവനന്തപുരം: ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കുന്ന ‘ഹോളി വൂണ്ട്’ (Holy Wound Movie) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്നതാണ് സിനിമയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

മോഡലും ബിഗ്‌ബോസ് താരവുമായ ജാനകി സുധീര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ‘ഹോളി വൂണ്ട്’ കഥ പറഞ്ഞ് പോകുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ചിത്രം ഓര്‍മപ്പെടുത്തുന്നു.

മലയാള സിനിമ ചരിത്രത്തില്‍ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയരംഗങ്ങള്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. മുന്‍പ് മലയാള സിനിമയില്‍ ലെസ്ബിയന്‍ പ്രണയങ്ങള്‍ കഥാ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയും തീവ്രമായ രീതിയില്‍ അവതരിപ്പിച്ചിരുന്നില്ല.

മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ്: വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയശീലന്‍ സദാനന്ദന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: ജിനി സുധാകരന്‍, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാല്‍ കരമന, കോസ്റ്റ്യൂംസ്: അബ്ദുല്‍ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടര്‍: അരുണ്‍ പ്രഭാകര്‍, ഇഫക്ട്‌സ്: ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ്: ശങ്കര്‍ദാസ്, സ്റ്റില്‍സ്: വിജയ് ലിയോ, പി.ആര്‍.ഒ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. എസ് എസ് ഫ്രെയിംസിന്റെ ആദ്യ ചിത്രം കൂടിയാണ് ‘ഹോളി വൂണ്ട്’.

Related posts