വീണ്ടും ട്യൂമര്‍; നടി ശരണ്യ ശശി ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക്

പ്രശസ്ത സിനിമ സീരിയല്‍ താരം ശരണ്യ ശശിയുടെ ദുരിത ജീവിതം തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍. സൂരജ് പാലാക്കാരനാണ്‌ െഫയ്‌സ്ബുക്ക് വിഡിയോയിലൂടെ ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ആറുവര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിലാണ്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് ശരണ്യ കടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര്‍ അവരെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം പങ്കുവച്ച വിഡിയോയില്‍ സൂരജ് പറയുന്നു. ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായര്‍ പറയുന്നതും വിഡിയോയില്‍ കാണാം.
‘ശരണ്യയ്ക്ക് ആറുവര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാകാരന്മാര്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ബ്രെയിന്‍ ട്യൂമര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുകയും, ഓരോ തവണയും ആശുപത്രിയില്‍ എത്തി ഓപ്പറേഷന്‍ ചെയ്യുകയുമാണ്.ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷന്‍ നടത്തിയത്. അത് ആറാമത്തെ സര്‍ജറി ആയിരുന്നു. ഇപ്പോള്‍ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സര്‍ജറിക്കായി ശരണ്യ പോകുകയാണ്. ഇത് കുറച്ച് ക്രിട്ടിക്കല്‍ ആണ്. ഒരുവശം ഏകദേശം തളര്‍ന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വരുന്ന ഈ അസുഖത്തില്‍ എല്ലാവര്‍ക്കും സഹായിക്കാന്‍ പരിമിതകളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്’. സീമ ജി. നായര്‍ പറഞ്ഞു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവയാണ് പ്രധാനചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

share this post on...

Related posts