തളരല്ലേ; കൂടെയുണ്ട്. ;പിന്തുണയുമായി താരങ്ങള്‍

കഴിഞ്ഞ പ്രളയത്തില്‍നിന്ന് കരകയറാന്‍ മലയാളികള്‍ക്കൊപ്പം ഒരുമിച്ചുനിന്ന മലയാള സിനിമാതാരങ്ങളും പ്രവര്‍ത്തകരും ഇക്കുറിയും സജീവമായി. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജൂഡ് ആന്റണി എന്നിവരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണയുമായി എത്തിയത്. താല്‍ക്കാലികമായി സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറുക. വൈദ്യസഹായം, ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കാന്‍ ഈ സാഹചര്യത്തില്‍ ഏറ്റവും എളുപ്പം ക്യാമ്പുകളിലാണ്. ജീവനാണ് ഏറ്റവും പ്രധാനം! ടൊവിനോ വെള്ളിയാഴ്ച കുറിച്ചതാണ് ഈ സന്ദേശം. അതോടൊപ്പം രക്ഷാദൗത്യത്തില്‍ സര്‍ക്കാരിനൊപ്പം പങ്കാളിയാകാന്‍ എന്‍ജിഒയില്‍ അംഗമാകുന്നതിനുള്ള ലിങ്കും കണ്‍ട്രോള്‍ റൂമുകളുടെ നമ്പരുകളും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനും മുന്നറിയിപ്പ് സന്ദേശങ്ങളുമായി നിവിന്‍ പോളിയും ഫെയ്‌സ്ബുക്ക് പേജില്‍ സജീവമായി. ദുല്‍ഖര്‍ സല്‍മാനാകട്ടെ രക്ഷപ്പെടുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെക്കൂടി കൂട്ടത്തില്‍ ചേര്‍ക്കണമെന്നും അവരെ കൈയൊഴിയരുതേ എന്നുമുള്ള സന്ദേശം പങ്കുവച്ചു. രക്ഷിക്കാനാകുന്നില്ലെങ്കില്‍ അവയുടെ കെട്ട് അഴിച്ചുവിടണമെന്നും ദുല്‍ഖര്‍ അഭ്യര്‍ഥിച്ചു. കഴിഞ്ഞ തവണത്തേതുപോലെ ഇക്കുറിയും സജീവമാണ് ആഷിഖ് അബു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള മുന്നറിയിപ്പ് സന്ദേശം ഷെയര്‍ചെയ്തും ഫോണ്‍ നമ്പരുകള്‍ നല്‍കിയും അദ്ദേഹം രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയചിത്രമല്ല, ഈ വര്‍ഷത്തെ ചിത്രംതന്നെയാണ് എന്നു പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ജൂഡ് ആന്റണി സന്ദേശം കുറിച്ചത്. വീട്ടിലെ പരമാവധി സാധനങ്ങള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി ഏത് സമയത്തും വീടൊഴിയാന്‍ തയ്യാറായിരിക്കണം. കഴിഞ്ഞവര്‍ഷത്തെ പ്രളയം ആവര്‍ത്തിക്കാതിരിക്കട്ടെ എന്നൊരാശംസയും അദ്ദേഹം നേരുന്നു.

share this post on...

Related posts