പൃഥ്വിരാജ് നാട്ടിലെത്തിയ സന്തോഷത്തില്‍ ചുവടുവച്ച് മാളവിക മേനോന്‍; വിഡിയോ

പൃഥ്വിരാജ് നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍ ചുവടുവച്ച് യുവതാരം മാളവിക മേനോന്‍. പൃഥ്വിയുടെ തന്നെ ചിത്രമായ ഉറുമിയിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് താരത്തിന്റെ ഡാന്‍സ്. ‘രാജുവേട്ടന്‍ നാട്ടിലെത്തിയതിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടെയാണ് മാളവിക വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ചിത്രത്തിനു വേണ്ടി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ഗാനം രചിച്ചത്. ദീപക് ദേവിന്റെ സംഗീതത്തില്‍ പിറന്ന് പാട്ട് ജോബ് കുര്യനും റീതയും ചേര്‍ന്നാണ് ആലപിച്ചത്. നിരവധി കാഴ്ചക്കാരെ സ്വന്തമാക്കിയ പാട്ട് ഇപ്പോഴും മലയാളികളുടെ ഇഷ്ടങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലാണ്. മാളവിക പോസ്റ്റു ചെയ്ത ഡാന്‍സ് വിഡിയോ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.


ഹ്യൂജ് ഫാന്‍, രാജുവേട്ടന്‍ തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് മാളവികയുടെ പോസ്റ്റ്. വളരെ എനര്‍ജറ്റിക് ആയാണ് താരത്തിന്റെ പ്രകടനം. മാളവിക വളരെ ക്യൂട്ട് ആണെന്നാണ് ആരാധകപക്ഷം. വേഷപ്പകര്‍ച്ച കണ്ടിട്ട് നാടോടി നൃത്തത്തിന് തയ്യാറെടുത്തതു പോലുണ്ട് എന്നും പ്രേക്ഷകര്‍ പ്രതികരിച്ചു. എന്നാല്‍ ഒരു ദിവസം തന്നെ ഒന്നിലധികം വിഡിയോകള്‍ ചെയ്യുന്നതു കൊണ്ടാണ് ഒരേ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് വിഡിയോ പോസ്റ്റു ചെയ്ത് മാളവിക കുറിച്ചിട്ടുണ്ട്.
‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനു ശേഷം ജോര്‍ദാനില്‍ നിന്നും വെള്ളിയാഴ്ച കൊച്ചിയില്‍ തിരിച്ചെത്തിയ പൃഥ്വിരാജ്, ക്വാറന്റിന്‍ കേന്ദ്രത്തിലേയ്ക്കു മാറി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് താരം കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു പോയത്.

Related posts