ജിഷ്ണു പ്രണോയി കേസ്: സംസ്ഥാന പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ സുപ്രീംകോടതിയെ സമീപിക്കും

mahija

mahija
കോഴിക്കോട്: സംസ്ഥാന പൊലീസുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്
മഹിജ നാളെ സുപ്രിം കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസില്‍ വിശ്വാസം പൂര്‍ണ്ണമായും നഷ്ടമായെന്നും മഹിജ കോടതിയെ അറിയിക്കും. കൃഷ്ണദാസടക്കമുള്ള ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണങ്ങളാണ് കേസില്‍ കക്ഷി ചേരാന്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ മഹിജ ഉന്നയിക്കുക.

ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രിം കോടതിയെ സമീപിക്കുന്നത്.

മാനേജ്മെന്റിലെ ഉന്നതര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പത്തു മാസത്തെ അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കും. ജിഷ്ണുവിന്റെ രക്തപ്പാടുള്ള മുറി പൊലീസ് സീല്‍ ചെയ്തില്ല. തൂങ്ങി കിടക്കുന്നത് കണ്ട കൊളുത്തും തുണിയും ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ചില്ല. ഡിവൈഎസ്പിയും സിഐയും സംഭവ സ്ഥലം സന്ദര്‍ശിച്ചില്ല. ജിഷ്ണുവിനെ ഇടിമുറിയില്‍ കയറ്റി മര്‍ദ്ദിക്കണമെന്ന് കൃഷ്ണദാസ് നിര്‍ദ്ദേശം നല്‍കിയിരുന്നതായി അറിഞ്ഞിട്ടു പോലും കൊലപാതക സാധ്യതയെ പറ്റി അന്വേഷിച്ചില്ലെന്നും മഹിജ കോടതിയെ അറിയിക്കും.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് ജിഷ്ണുവിന്റെ സഹപാഠികളുടെയോ സുഹൃത്തുക്കളുടെയോ മൊഴി എടുത്തില്ല. മൂന്നു ദിവസത്തേക്ക് ആരോപണ വിധേയരെ അറസ്റ്റ് ചെയ്യാത്തതും ദുരൂഹം. സ്വാശ്രയ കോളെജുകള്‍ ഇടിമുറികള്‍ ആകുമ്പോള്‍ ജിഷ്ണു കേസില്‍ മാതൃകാപരമായ നടപടി എടുക്കേണ്ടത് അനിവാര്യമാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടും. ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.സിബിഐ ഇതു വരെ നിലപാട് അറിയിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ നിര്‍ണായകമാകിനിടയുണ്ട്. പൊലീസ് അന്വേഷണത്തിലെ പാകപിഴകള്‍ അക്കമിട്ട് നിരത്തി കൊണ്ടാണ് മഹിജ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

Related posts