ആഗോള റീട്ടെയ്ൽ കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പും

ആഗോള റീട്ടെയ്‌ൽ മേഖലയിലെ മുൻനിര കമ്പനികളുടെ പട്ടികയിൽ യു.എ.ഇ.യിൽനിന്ന് ലുലു ഹൈപ്പർമാർക്കറ്റും മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിന്റെ ക്യാരിഫോറും ഇടം പിടിച്ചു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

അമേരിക്കൻ കമ്പനിയായ വാൾമാർട്ടാണ് പട്ടികയിൽ മുന്നിൽ. ഇന്ത്യയിലെ റിലയൻസ് റീട്ടെയ്്ലും പട്ടികയിലുണ്ട്.

പട്ടികയിൽ ഇടംപിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണ്. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്ന് ഹൈപ്പർമാർക്കറ്റുകളാണ് വിവിധ രാജ്യങ്ങളിലായി ലുലു ആരംഭിച്ചത്.

അബുദാബി, ഈജിപ്തിലെ കയ്‌റോ, ഇൻഡൊനീഷ്യയിലെ ജക്കാർത്ത എന്നിവിടങ്ങളിലാണിത്. യു.എ.ഇ.യിൽ മാത്രം ഒരു വർഷത്തിനുള്ളിൽ എട്ടു മുതൽ 12 വരെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഇതുകൂടാതെ മറ്റ് ജി.സി.സി. രാജ്യങ്ങൾ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും.

കോവിഡിന്റെ വ്യാപനം വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെങ്കിലും കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ചു കൊണ്ട് പ്രവർത്തനം വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി വ്യക്തമാക്കി.

കേരളത്തിലെ വിവിധ ജില്ലകളിലും ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തൃശ്ശൂർ, കോട്ടയം, കാസർകോട്, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു.

Related posts