ലോനാവാല ഹില്‍സ്റ്റേഷന്‍ കാണാതിരിക്കുന്നത് നഷ്ടമാണ്

മഴ തിമിര്‍ത്തു പെയ്യുന്ന ഈ മണ്‍സൂണ്‍ കാലത്ത് മനസ്സിന് ലഹരി പകരുന്ന ഇടമാണ് ലോനാവാല. മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്തുളള ഈ ഹില്‍സ്റ്റേഷന്‍ മനം മയക്കുന്ന പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. വര്‍ഷം തോറും ആയിരക്കണക്കിനു പേരാണ് ലോനാവാല കാണാനെത്തുന്നത്. മുംബൈയില്‍ നിന്ന് രണ്ടു മണിക്കൂര്‍ യാത്രയേ ഉളളൂ ഇവിടേക്ക്. ചിക്കി എന്ന മധുര പലഹാരത്തിന് പേരുകേട്ട ഇടമാണ് ലോനാവാല. ചോക്ലേറ്റ്, സ്‌ട്രോബെറി, കശുവണ്ടി, ബദാം എന്നിവയടങ്ങിയ വിവിധ ഫ്ളേവറുകളിലുളള ചിക്കിസുണ്ട്. മധുരപ്രിയരെ ലോനാവാല ഒരിക്കലും നിരാശപ്പെടുത്തില്ലെന്നു ചുരുക്കം. മുംബൈയില്‍ നിന്നും കാറിലോ ബസ്സിലോ വളരെ എളുപ്പം ലോനാവാലയിലെത്തിച്ചേരാം. ലോനാവാല മാത്രം സന്ദര്‍ശിക്കാനേ ഉദ്ദേശിക്കുന്നുളളുവെങ്കില്‍ ഒരു ദിവസം ധാരാളം. എന്നാല്‍ മറ്റൊരു ഹില്‍സ്റ്റേഷനായ ഖാണ്ട്ലയിലും പോകണമെന്നുണ്ടെങ്കില്‍ 2-3 ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യണം. ബുഷി ഡാംലോനാവാലയിലെത്തുന്നവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട മനോഹരമായ ഇടങ്ങളിലൊന്നാണ് ബുഷി ഡാം. സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ പറ്റിയ പറ്റിയ സ്ഥലം. അടുത്തു തന്നെ ഒരു വെളളച്ചാട്ടവുമുണ്ട്. അതു കൊണ്ടു തന്നെ അപകട സാധ്യതയും കൂടിയിരിക്കുന്നു. ബോട്ടിംങും മറ്റുമായി അണക്കെട്ടിനുളളില്‍ തന്നെ 2-3 മണിക്കൂറുകള്‍ ചെലവഴിക്കാവുന്നതാണ്. ടൈഗര്‍ പോയിന്റ് 650 മീറ്റര്‍ ഉയരത്തില്‍ പ്രകൃതിരമണീയമായ മറ്റൊരിടമാണ് ടൈഗര്‍ പോയിന്റ്. കടുവയുടെ രൂപത്തോടു സാദൃശ്യമുളള ഒരു പാറക്കെട്ടാണിത്. മണ്‍സൂണ്‍ കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന പ്രകൃതിദത്തമായ ഒരു ചെറു വെള്ളച്ചാട്ടവും ഇവിടെയുണ്ട്.മഞ്ഞിന്റേയും മഴയുടേയും തണുപ്പാസ്വദിച്ച് വശ്യമനോഹരമായ ഈ സൗന്ദര്യം ഒരിക്കല്‍ നുകരാനിടയായാല്‍ അത് നിങ്ങളുടെ മനസ്സിനെ മയക്കുന്ന അനുഭവമായിരിക്കും. ലോനാവാല തടാകം നീന്തല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ഇടമായിരിക്കും ഇവിടം. മണ്‍സൂണ്‍ തടാകം എന്നും ഇത് അറിയപ്പെടുന്നു. മഴക്കാലത്ത് നിറഞ്ഞു തുളുമ്പുന്ന ഈ തടാകം മഞ്ഞുകാലമെത്തുന്നതോടെ വറ്റി വരളും. അതിനാലാവാം ഈ തടാകത്തിനു മണ്‍സൂണ്‍ തടാകമെന്ന വിളിപ്പേരു വന്നത്. വിവിധയിനം പക്ഷി-മൃഗാദികളെ ഇവിടെ കാണാം. ഭാജ ഗുഹകള്‍ബിസി രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഭാജ ഗുഹകള്‍. ഇവ അടുത്തു തന്നെയുളള കാര്‍ല ഗുഹകളുമായി ശില്‍പ്പങ്ങളുടെ ശൈലിയിലും വാസ്തുവിദ്യയിലും പരസ്പരം സാദൃശ്യം പുലര്‍ത്തുന്നുണ്ട്. പാറകളില്‍ നിര്‍മ്മിച്ച 22 ഗുഹകളാണിവിടെയുളളത്. രഥത്തിലിരിക്കുന്ന രാജകുമാരന്‍, നൃത്തം ചെയ്യുന്ന ദമ്പതികള്‍, ഒരു സായുധ യോദ്ധാവ്, ആനയുടെ മുകളിലിരിക്കുന്ന രാജകുമാരന്‍ എന്നിവയാണ് പാറകളില്‍ കൊത്തിവെച്ചിരിക്കുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളെ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കണം.

share this post on...

Related posts