അരയും തലയും മുറുക്കി സിപിഎം!… ചേകവന്മാരെ കളത്തിലിറക്കി ആദ്യ നീക്കം, കേരളത്തില്‍ ഇത്തവണ പോരാട്ടം കനക്കും


തിരുവനന്തപുരം: അരയും തലയും മുറുക്കി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുകയാണ് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി പോലും നിലനില്‍ക്കുമോയെന്ന് നിര്‍ണയിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പ്. ജീവന്‍ മരണ പോരാട്ടത്തില്‍ നാല് എംഎല്‍എമാരെയും രണ്ട് ജില്ലാ സെക്രട്ടറിമാരെയും അടക്കം അണിനിരത്തി ശക്തമായ രാഷ്ട്രീയ മത്സരത്തിനു സന്നാഹമൊരുക്കി സിപിഎം. തിരഞ്ഞെടുപ്പ് സര്‍വേകള്‍ തിരിച്ചടി പ്രവചിക്കുമ്പോള്‍ മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള സൂക്ഷ്മതയാണു സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ സിപിഎം കാട്ടിയത്. വിവാദനായകരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചില്ല. പ്രാദേശികമായി അവര്‍ക്കുള്ള സ്വീകാര്യതയിലാണു പ്രതീക്ഷ.
സ്വതന്ത്രസ്ഥാനാര്‍ഥികളെ കാര്യമായി ആശ്രയിക്കാന്‍ കഴിഞ്ഞ തവണ തീരുമാനിച്ചെങ്കില്‍ ഇക്കുറി സിപിഎംസിപിഐ പട്ടികയില്‍ ഏറിയ പങ്കും പയറ്റിത്തെളിഞ്ഞ പാര്‍ട്ടിനേതാക്കള്‍ തന്നെ. സമീപകാലത്തൊന്നും ഇത്രയധികം എംഎല്‍എമാരെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി ഇറക്കിയിട്ടില്ല. എംഎല്‍എമാരെ യുഡിഎഫ് മത്സരിപ്പിച്ച വേളയില്‍ പരിഹസിച്ച ചരിത്രമുള്ള ഇടതുമുന്നണി ഇക്കുറി ഒറ്റയടിക്ക് ഗോദയിലിറക്കിയത് 6 പേരെ. ജയിച്ചാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് എന്നതൊക്കെ വേറെ വിഷയം. നിലവില്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ക്കാണോ വിജയസാധ്യത, അവരെ പരീക്ഷിക്കുക എന്ന പ്രായോഗികതയില്‍ വിശ്വാസം.
സിറ്റിങ് എംപിമാരില്‍ കുറച്ചുപേരെയങ്കിലും ഒഴിവാക്കണമെന്ന അഭിപ്രായം നേരത്തെ പരിഗണിച്ചുവെങ്കിലും അതും വേണ്ടെന്നു വച്ചു. പ്രതീക്ഷിച്ചതുപോലെ പി. കരുണാകരന്‍ മാത്രം മാറിനിന്നു. ആലത്തൂരില്‍ പി.കെ ബിജുവിനു പകരം കേന്ദ്രകമ്മിറ്റി അംഗമായ കെ. രാധാകൃഷ്ണന്‍ എന്ന നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ബിജുവിന് ഒരവസരം കൂടി എന്നതിലേക്കെത്തി.

രണ്ടു വനിതകള്‍ എന്ന ധാരണ ആദ്യമുണ്ടായപ്പോഴാണു കോട്ടയത്ത് ഡോ. സിന്ധുമോള്‍ ജേക്കബ് എന്ന പുതുമുഖത്തെ പരീക്ഷിച്ചാലോയെന്നു ചിന്തിച്ചത്. പത്തനംതിട്ടയില്‍ രാജു ഏബ്രഹാം എംഎല്‍എയുടെ പേരാണ് ഉയര്‍ന്നത്. പത്തനംതിട്ടയില്‍ രാജു ഏബ്രഹാമെങ്കില്‍ കോട്ടയത്തു വനിത എന്ന നിലയിലാണു സിന്ധുമോള്‍ ജേക്കബിനെ തീരുമാനിച്ചത്.

രാജു ഏബ്രഹാം നേതൃത്വത്ത ബുദ്ധിമുട്ടറിയിച്ചതിനെ തുടര്‍ന്നാണു രണ്ടാമത്തെ പേരായ വീണാ ജോര്‍ജിലേക്കെത്തിയത്. ഇതോടെ കോട്ടയത്തെ വനിതാ പരിഗണന മാറ്റി വി.എന്‍. വാസവനെ നിശ്ചയിച്ചു. ആലപ്പുഴയില്‍ ആരിഫിനെയും കോട്ടയത്തു വാസവനെയും നിശ്ചയിച്ചപ്പോള്‍ സാമുദായിക പരിഗണനകളും കണക്കിലെടുത്തിട്ടുണ്ട്.

എറണാകുളത്ത് ഏറെക്കാലമായി പിന്തുടര്‍ന്ന സ്വതന്ത്ര പരീക്ഷണം അവസാനിപ്പിച്ചാണു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവിനെ രംഗത്തിറക്കിയത്. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ ഇന്നസെന്റിനു പകരം പി. രാജീവിന്റെ പേര് ഒരാള്‍ ഉന്നയിച്ചെങ്കിലും പുതിയ പേരുവേണ്ട, നിര്‍ദേശിച്ച പേരു ചര്‍ച്ചചെയ്താല്‍ മതിയെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ കര്‍ശനമായി വിലക്കി.

കേസും വിവാദങ്ങളും പിന്തുടരുമ്പോഴും പാര്‍ട്ടി അണികള്‍ക്കു സ്വീകാര്യനാണെന്ന വിലയിരുത്തലിലാണു വടകരയില്‍ പി. ജയരാജനെ രംഗത്തിറക്കിയത്. ടി.പി ചന്ദ്രശേഖരന്റെ ഒഞ്ചിയം അടങ്ങുന്ന വടകരയില്‍ രണ്ടും കല്‍പ്പിച്ചുള്ള നീക്കമാണിത്. കഴിഞ്ഞ ജില്ലാസമ്മേളനഘട്ടത്തില്‍ ജയരാജനെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കിയാലോയെന്ന അഭിപ്രായം പരിഗണിച്ചപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിലൂടെ മാറ്റമെന്ന ധാരണ രൂപപ്പെട്ടിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ സിബിഐ പ്രതി ചേര്‍ത്തിട്ടും ആ തീരുമാനത്തില്‍ നിന്നു പിന്നോട്ടുപോകാന്‍ നേതൃത്വം തയാറായില്ല.
വിവാദങ്ങളില്‍പ്പെട്ടുലഞ്ഞ പി.വി അന്‍വറിനും ഒരു തരത്തില്‍ ‘പ്രമോഷനാണ്’. എം.എല്‍എയുടെ സ്ഥാനത്ത് എംപിയാകാന്‍ സാധ്യതയുണ്ടെങ്കില്‍ നോക്കിക്കോളാനുള്ള പച്ചക്കൊടി. കോഴിക്കോട്ട് എം.കെ രാഘവനെതിരെ രംഗത്തിറങ്ങാന്‍ വ്യക്തിപരമായി മടിയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റി അംഗമായ എ. പ്രദീപ്കുമാര്‍ തന്നെയാണു പോരിന് അനുയോജ്യനെന്ന തീര്‍പ്പില്‍ നേതൃത്വമെത്തി. കോഴിക്കോട് മണ്ഡലത്തിന്‍റെ മിന്നുന്ന പ്രവർത്തനങ്ങൾ തന്നെയാണ് പ്രദീപ്കുമാറിന് അനുകൂലമായത്.

 • കെ.പി. സതീഷ് ചന്ദ്രന്‍ – കാസര്‍കോട്
  > എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍
  > 2 തവണ സിപിഎം ജില്ലാ സെക്രട്ടറി
  > തൃക്കരിപ്പൂരില്‍ നിന്നു 2 തവണ എംഎല്‍എ.
  > നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി സ്ഥാപക ചെയര്‍മാന്‍, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
 •  പി.കെ. ശ്രീമതി – കണ്ണൂര്‍
  > സിറ്റിങ് എംപി
  > കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ ആരോഗ്യ മന്ത്രി
  > പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നു 2 തവണ എംഎല്‍എ (2001,2006)
  > കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്
  > സിപിഎം കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ട്രഷറര്‍.
 • പി. ജയരാജന്‍ – വടകര
  > സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
  > കൂത്തുപറമ്പില്‍ നിന്നു 3 തവണ നിയമസഭാംഗം (2001, 2006 തിരഞ്ഞെടുപ്പുകളില്‍ ജയം. 2001 ലെ വിജയം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നു 2005 ല്‍ നടത്തിയ ഉപതിരഞ്ഞെടുപ്പിലും വിജയിച്ചു.)
  > എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, ദേശാഭിമാനി മുന്‍ ജനറല്‍ മാനേജര്‍, സാന്ത്വനപരിചരണ സംഘടന ഐആര്‍പിസിയുടെ ഉപദേശക സമിതി ചെയര്‍മാന്‍
 • എ. പ്രദീപ്കുമാര്‍ – കോഴിക്കോട്
  > സിപിഎം സംസ്ഥാന കമ്മിറ്റിയംഗം.
  > 2006 മുതല്‍ എംഎല്‍എ. ആദ്യജയം കോഴിക്കോട് ഒന്ന് മണ്ഡലത്തില്‍ നിന്ന്. (2011 ലും 2016 ലും കോഴിക്കോട് നോര്‍ത്ത്).
  > എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്.
  > ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി
  > കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാന്‍.
 • വി.പി.സാനു – മലപ്പുറം
  > എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദ്യ മല്‍സരം
  > എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 2015ല്‍ സംസ്ഥാന പ്രസിഡന്റും.
  > വളാഞ്ചേരി എംഇഎസ് കോളജില്‍ യൂണിയന്‍ ചെയര്‍മാന്‍.
  > സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.സക്കറിയയുടെ മകന്‍.
 • പി.വി.അന്‍വര്‍ – പൊന്നാനി
  > നിലമ്പൂര്‍ എംഎല്‍എ.
  > യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.
  > 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട്ടില്‍ സ്വതന്ത്രനായി മത്സരിച്ചു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എം.ഐ. ഷാനവാസിനെതിരെ സ്വതന്ത്രനായി മത്സരിച്ചു. 2016ല്‍ നിലമ്പൂരില്‍ നിന്ന് സിപിഎം സ്വതന്ത്രനായി എംഎല്‍എ ആയി.
 • എം.ബി. രാജേഷ് – പാലക്കാട്
  > സിറ്റിങ് എംപി.
  > പാലക്കാട്ടുനിന്നു 2 തവണ ലോക്‌സഭാ അംഗം.
  > എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.
 •  പി.കെ. ബിജു – ആലത്തൂര്‍
  > സിറ്റിങ് എംപി.
  > ആലത്തൂരില്‍ നിന്ന് 2 തവണ ലോക്‌സഭാംഗം.
  > എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
  > സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.
 •  ഇന്നസന്റ് – ചാലക്കുടി
  > പ്രമുഖ നടന്‍, സിറ്റിങ് എംപി.
  > കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനനം.
  > 1970 ല്‍ ആര്‍എസ്പിയുടെ ജില്ലാ സെക്രട്ടറി. ഇരിങ്ങാലക്കുട നഗരസഭാംഗവുമായിരുന്നു.
  > അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 12 വര്‍ഷം പ്രവര്‍ത്തിച്ചു.
 • പി. രാജീവ് – എറണാകുളം
  > സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റര്‍.
  > മുന്‍ രാജ്യസഭാ അംഗം. യുഎന്‍ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു.
  > സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി.
  > ലോക്‌സഭയിലേക്ക് ആദ്യ മല്‍സരം. വടക്കേക്കര മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മല്‍സരിച്ചിട്ടുണ്ട്.
 • എ.എം.ആരിഫ് – ആലപ്പുഴ
  > 2006 മുതല്‍ 3 തവണ അരൂര്‍ എംഎല്‍എ
  > സിപിഎം ജില്ലാ കമ്മിറ്റി അംഗം, നോണ്‍ ബാങ്കിങ് ഫിനാന്‍സ് ആന്‍ഡ് പ്രൈവറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്
  > ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം
  > 1991 ല്‍ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അരൂക്കുറ്റി ഡിവിഷനില്‍ നിന്നു വിജയിച്ചു.
 •  വി.എന്‍.വാസവന്‍ – കോട്ടയം
  > സിപിഎം ജില്ലാ സെക്രട്ടറി
  > എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവേശം
  > ഡിവൈഎഫ്‌ഐ സംസ്ഥാനസമിതി അംഗമായിരുന്നു
  > പുതുപ്പള്ളിയില്‍ നിന്നു 2 തവണയും കോട്ടയത്തു നിന്നു 2 തവണയും നിയമസഭയിലേക്കു മല്‍സരിച്ചു.
  > 2006 ല്‍ കോട്ടയത്തുനിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
 • ജോയ്‌സ് ജോര്‍ജ് – ഇടുക്കി
  > സിറ്റിങ് എംപി, സിപിഎം സ്വതന്ത്രന്‍
  > ലോക്‌സഭയിലേക്കു രണ്ടാം മത്സരം
  > കെഎസ്യുവിലൂടെ തുടക്കം. 1990 ല്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ കെഎസ്യു ചെയര്‍മാന്‍
  > ഹൈക്കോടതി അഭിഭാഷകന്‍
 •  കെ.എന്‍. ബാലഗോപാല്‍ – കൊല്ലം
  > 201016 ല്‍ രാജ്യസഭാംഗം. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 4 വര്‍ഷം (20062010) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി,
  > സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം, മുന്‍ ജില്ലാ സെക്രട്ടറി.
  > എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
 • വീണാ ജോര്‍ജ് – പത്തനംതിട്ട
  > ആറന്മുള സിറ്റിങ് എംഎല്‍എ
  > 2 വര്‍ഷം പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ അധ്യാപിക.
  > മാധ്യമ പ്രവര്‍ത്തകയായിരുന്നു. വിവിധ വാര്‍ത്താ ചാനലുകളില്‍ പ്രവര്‍ത്തിച്ചു.
  > ആറന്മുളയില്‍ കന്നിയങ്കത്തില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 •  എ. സമ്പത്ത് – ആറ്റിങ്ങല്‍
  > സിറ്റിങ് എംപി.
  > തുടര്‍ച്ചയായി 2 തവണയും ആകെ 3 വട്ടവും ആറ്റിങ്ങലില്‍ ജയം.
  > സിപിഎം ജില്ലാ കമ്മിറ്റിയംഗം. അന്തരിച്ച പ്രമുഖ സിപിഎം നേതാവും മുന്‍ എംപിയുമായ കെ. അനിരുദ്ധന്റെ മകന്‍.
  > അഭിഭാഷകന്‍.


  കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts