‘ തലയ്ക്കു പിടിച്ച ഫുട്‌ബോള്‍ ആവേശം; ജര്‍മന്‍ ആരാധകന്റെ അഞ്ചര കിലോമീറ്റര്‍ നീളമുള്ള പതാക ലോക റെക്കോര്‍ഡിലേക്ക്..

Screenshot (154)

ബര്‍ലിന്‍: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം തലയ്ക്കു പിടിച്ച ബംഗ്ലാദേശുകാരനായ ജര്‍മന്‍ ആരാധകന്‍ അഞ്ചര കിലോമീറ്റര്‍ നീളമുള്ള പതാക നിര്‍മിച്ചു ലോക റിക്കോര്‍ഡിലേക്ക്. ഡസന്‍ കണക്കിന് വോളന്റിയര്‍മാരുടെ സഹായത്തോടെയാണ് താന്‍ നിര്‍മിച്ച ജര്‍മനിയുടെ പതാക അംജദ് ഹുസൈന്‍ എന്ന ആരാധകന്‍ ഒരു സ്‌കൂള്‍ മൈതാനത്ത് പ്രദര്‍ശിപ്പിച്ചത്.

ജര്‍മനിയില്‍ നിര്‍മിച്ച ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ച് തന്റെ ഗോള്‍ബ്ലാഡര്‍ സ്റ്റോണ്‍ മാറിയതാണ് ജര്‍മനിയോടുള്ള ആരാധന തുടങ്ങാന്‍ കാരണമെന്ന് അറുപത്തിയൊന്‍പതുകാരനായ ഹുസൈന്‍ പറയുന്നു.

2006 ല്‍ ജര്‍മനി ലോകകപ്പിന് ആതിഥ്യം വഹിച്ചപ്പോള്‍ തുടങ്ങിയതാണ് പതാക നിര്‍മാണം. ഇതിന് ആവശ്യമായ തുണി വാങ്ങാന്‍ സ്ഥലം വരെ വിറ്റു. അന്ന് നിര്‍മിച്ച 2.5 കിലോമീറ്റര്‍ നീളമുള്ള ജര്‍മന്‍ പതാക കാണാന്‍ ജര്‍മന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. 2014 ല്‍ ലോകകപ്പ് നേടിയ ജര്‍മനിക്കുവേണ്ടി മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പതാക നിര്‍മിച്ചാണ് ഹുസൈന്‍ ആശംസ അറിയിച്ചത്.

ഇനിയിപ്പോള്‍ 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിനായി 22 കിലോ മീറ്റര്‍ നീളത്തില്‍ ജര്‍മന്‍ പതാക നിര്‍മിച്ച് ലോകത്തെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഈ ഫുട്‌ബോള്‍ പ്രേമി.

share this post on...

Related posts