തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് വിജയം; കെ.ശ്രീകുമാര്‍ മേയര്‍

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ കെ.ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പേട്ട കൗണ്‍സിലര്‍ ഡി അനില്‍കുമാറിനേയും ബിജെപി സ്ഥാനാര്‍ഥി നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനേയുമാണ് തോല്‍പ്പിച്ചത്.
മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൌണ്ടായിരുന്നു വോട്ടെടുപ്പ്. ആദ്യവട്ടത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഡി അനില്‍കുമാറിനെ ഒഴിവാക്കി.പിന്നീട് നടന്ന രണ്ടാം റൗണ്ടില്‍ കെ ശ്രീകുമാറും ബിജെപി.യിലെ എം ആര്‍ ഗോപനും തമ്മിലായി മത്സരം. മേയറായിരുന്ന വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്.
ആദ്യ റൌണ്ടില്‍ ആകെ 99 പേര്‍ വോട്ടുചെയ്തതില്‍ കെ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 35 വോട്ടും ഡി അനില്‍കുമാറിനു 20 വോട്ടും ലഭിച്ചു.മൂന്ന് വോട്ട് അസാധുവായി.കോണ്‍ഗ്രസ് അംഗം സി ഓമന, ബിജെപി അംഗം ജ്യോതി സതീഷ്, സ്വതന്ത്ര അംഗം എന്‍ എസ് ലതാകുമാരി എന്നിവരുടെ വോട്ടാണ് അസാധുവായത്. സ്വതന്ത്ര അംഗം ആര്‍ക്കും വോട്ട് ചെയ്തില്ല. രണ്ടാം റൌണ്ടില്‍ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 34 വോട്ടും കിട്ടി. .തുടര്‍ന്ന് ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. ചാക്ക വാര്‍ഡ് കൗണ്‍സിലറും കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമാണ് സിപിഐ എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമായ കെ ശ്രീകുമാര്‍.100 അംഗങ്ങളുള്ള കോര്‍പറേഷനിലെ കക്ഷിനില: എല്‍ഡിഎഫ്-43, ബിജെപി-35, യുഡിഎഫ് -21, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ്.

share this post on...

Related posts