‘കുറുപ്പ്’;സിനിമയ്‍ക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും രംഗത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം കുറുപ്പ് ടീസർ അടുത്തിടെയാണ് പുറത്തിറങ്ങിയിരുന്നത്. ഒപ്പം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടീസറും ലൊക്കേഷൻ ചിത്രങ്ങളുമൊക്കെ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ ടീസര്‍ ദുൽഖര്‍ സൽമാന്‍റെ പിറന്നാള്‍ ദിനത്തിൽ പുറത്തിറങ്ങിയത്തിനു പിന്നാലെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിനാൽ കൊല്ലപ്പെട്ട ഫിലിം റെപ്രസന്‍റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. കേരളത്തിൽ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയായി അറിയപ്പെടുന്നയാളാണ് സുകുമാരക്കുറുപ്പ്.

ഇയാളുടെ ജീവിത കഥ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തങ്ങള്‍ക്ക് കാണണമെന്നും, സുകുമാരക്കുറുപ്പിനെ പുകഴ്ത്തുന്നതോ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ കാര്യങ്ങളൊന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ചാക്കോയുടെ ഭാര്യയും മകനും ദുല്‍ഖര്‍ സല്‍മാനു വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മാത്രമല്ല, കുറുപ്പ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരും തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലായെന്നും, ചാക്കോയുടെ ജീവിതത്തെ കുറിച്ച് ചോദിച്ചറിയുകയോ അത് ചിത്രീകരിക്കുന്നതിനുള്ള അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലായെന്നും അവർ പറയുന്നു.

പക്ഷെ ഇപ്പോള്‍ പുറത്തിറങ്ങിയ ടീസറിൽ നിന്നും ചിത്രം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, സുകുമാര കുറുപ്പ് ചെയ്ത ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്കതോ അത് ആഘോഷിക്കുന്നതോ ഒക്കെയുള്ളതായുള്ള വിവരണം ആണ് ടീസറിൽ നിന്ന് മനസ്സിലാകുന്നതെന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന ദുൽഖറിന് അയച്ചിരിക്കുന്ന വക്കീല്‍ നോട്ടിസില്‍ ആരോപിച്ചിട്ടുണ്ട്. സിനിമയിൽ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ആയി ദുല്‍ഖര്‍ ആണ് അഭിനയിക്കുന്നത്. ദുൽഖറിന്‍റെ നിര്‍മ്മാണ കമ്പനിയായ വെഫെയര്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Related posts