ദുരിതാശ്വാസ നിധിയിലേക്ക് കുമ്മനം രാജശേഖരന്‍ ഒരുലക്ഷം രൂപ നല്‍കി

kummanam.-keralanewslive

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കാലക്കെടുതികള്‍ നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി.

kerala-rains3

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

കേരളത്തിലെ വെള്ളപ്പൊക്കവും തുടർന്നുണ്ടായ ദുരന്തങ്ങളും മൂലം വളരെയേറെ ദുരിതങ്ങളും കഷ്ടനഷ്ടങ്ങളും സഹിക്കേണ്ടി വന്നിട്ടുള്ള സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒത്തു ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ആശ്വാസ പ്രവർത്തനങ്ങളിലും സേവന സന്നദ്ധ സംരംഭങ്ങളിലും ഊർജ്വസ്വലമായി വ്യാപൃതരാവേണ്ടത് അടിയന്തരാവശ്യമായി തീർന്നിരിക്കുന്നു. സാധനസാമഗ്രികളും ഭക്ഷ്യ വസ്തുക്കളും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും,ഒറ്റപ്പെട്ട വിവിധ ഇടങ്ങളിൽ അവശേഷിക്കുന്നവർക്കും എത്തിച്ചു കൊടുക്കേണ്ട ബാധ്യത ഏവർക്കുമുണ്ട്.ഈ പ്രതിസന്ധി ഘട്ടത്തിൽ അവസരത്തിനൊത്തുയർന്നു സഹായ ഹസ്തവുമായി ദുരിത ബാധിതർക്ക് ആശ്വാസമെത്തിക്കാൻ സേവന സന്നദ്ധ സംഘടനകളും, ജനകീയ പ്രസ്ഥാനങ്ങളും, സർക്കാരും, വ്യക്തികളും നടത്തുന്ന ശ്രമങ്ങൾക്ക് കലവറയില്ലാത്ത പിന്തുണ നല്കാൻ എല്ലാവരും തയാറാകണം. ദുരിത ബാധിതർക്ക് ആവശ്യം സഹായമാണ്.


കേരള സംസ്ഥാനം അടുത്ത കാലത്തൊന്നും കാണാത്ത വിധമുള്ള കാലവർഷ ദുരന്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിലെ തുടർച്ചയായ കനത്ത മഴ മൂലം സംസ്ഥാനത്തെ 24 അണക്കെട്ടുകൾ തുറന്നു വിട്ടത് ജനവാസ കേന്ദ്രങ്ങളിൽ നദികളും, തോടുകളും കവിഞ്ഞൊഴുകുന്നത്തിനു കാരണമായി. താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലാണ്ടു. മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും മൂലം റോഡുകളും പാലങ്ങളും സഞ്ചാരയോഗ്യമല്ലാതെ ആയിരിക്കുന്നു. 14 വരെ സംസ്ഥാനത്തു മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് കൂടുതൽ ആശങ്കയുളവാക്കുന്നു. കാലവർഷം താഴ്വാരങ്ങളിലിറങ്ങി സംഹാര താണ്ഡവം ആടിയപ്പോൾ രണ്ടു ദിവസം കൊണ്ട് 27 വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്.അനേകം പേരുടെ വീടുകളും, ജീവിത സാഹചര്യങ്ങളും, വൻ തോതിൽ കൃഷിയും നഷ്ടപ്പെട്ട് ഭാവി ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. പ്രകൃതി ശക്തികൾക്ക് മുന്നിലുള്ള മനുഷ്യന്റെ നിസ്സഹായതയാണ് ഇത്തരം ദുരന്തങ്ങൾ നമ്മെ ആവർത്തിച്ച് ഓർമപ്പെടുത്തുന്നത്.


സഹായം ഏതു വിധത്തിലുമാകാം.അതാണ് ഏക ആശ്വാസം.ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും ഉത്പന്നങ്ങൾ എത്തിച്ചും ആവുന്ന എല്ലാ വിധ സഹായവും നൽകണമെന്നഭ്യർത്ഥിക്കുന്നു.

ദുരന്തത്തിൽ പെട്ട് മരണമടഞ്ഞവരുടെ ബന്ധു മിത്രാദികളെ അനുശോചനം അറിയിക്കുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1 ലക്ഷം രൂപ ഞാൻ സംഭാവനയായി നൽകുന്നു..

 

share this post on...

Related posts