‘മൂകാംബിക ദേവിയുടെ ‘മൂലസ്ഥാനം’, മഞ്ഞു മൂടിയ കാടുകള്‍!… കോടമഞ്ഞേല്‍ക്കാം കുടജാദ്രിയില്‍

നവരാത്രി ലക്ഷ്യമാക്കി മൂകാംബികയിലേക്ക് പോകുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് കുടജാദ്രി. സഹ്യപര്‍വ്വതനിരകളിലെ 1343 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് കുടജാദ്രി. മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. മൂകാംബിക ദേശീയോദ്യാനത്തിന്റെ ഒത്ത നടുവിലാണ് കുടജാദ്രിയുടെ സ്ഥാനം.

പല അപൂര്‍വ സസ്യജാലങ്ങളുടെയും ഔഷധചെടികളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലം കൂടിയാണ് ഇവിടം. മലയ്ക്കു ചുറ്റുമുള്ള മഞ്ഞു മൂടിയ കാടുകള്‍ തേടിയെത്തുന്ന വിശ്വാസികളും സാഹസികരും കുറവല്ല.

സംസ്‌കൃതത്തിലെ ‘കുടകാചലം’ എന്ന പേരു ലോപിച്ചാണ് കുടജാദ്രി എന്ന നാമമുണ്ടായത്. കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രമാണ് ‘മൂകാംബിക ദേവിയുടെ ‘മൂലസ്ഥാനം’ ആയി കരുതപ്പെടുന്നത്. കുടജാദ്രിയിലേക്ക് പോകാന്‍ ഏക വാഹന മാര്‍ഗം ജീപ്പാണ്. ജീപ്പില്‍ കയറി സാഹസിക യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ മലമുകളിലാണ് റോഡ് ഉണ്ട് എന്നൊന്നും കരുതരുത്. പൊന്മുടി പോലെയോ മൂന്നാര്‍ പോലെയോ ചെന്നെത്താന്‍ പറ്റുന്ന ഒരു സ്ഥലമല്ല കുടജാദ്രി. ഇവിടേക്ക് യാത്ര പുറപ്പെടുന്നവര്‍ക്ക് അല്‍പം വിശ്വാസവും സാഹസികതയും ആവശ്യമാണ്.

കുടജാദ്രിയിലേക്കുള്ളത് മലമ്പാതയാണ് കല്ലും കുഴിയും മാത്രമുള്ള പാത. കല്ലുകളില്‍ നിന്നും തെന്നി വലിയ കല്ലുകളിലേക്കും ചെറിയ കുഴികളില്‍ നിന്നും വലിയ കുഴികളിലേക്കും ജീപ്പ് ചാഞ്ഞും ചരിഞ്ഞും മലകയറുമ്പോള്‍ പേടി തോന്നുമെങ്കിലും ഓഫ് റോഡിങ്ങിന്റെ രാജാവാണ് ആ ജീപ്പ് ഡ്രൈവര്‍ എന്ന് പറഞ്ഞു പോകും . പാറക്കെട്ടുകളിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ ചിലപ്പോള്‍ ജീപ്പ് ഒരു വശത്തേക്ക് വീഴുന്നതുപോലെ ചായും. ചിലപ്പോള്‍ മുന്‍വശം പൊങ്ങും. ഒരു ആനയെ മെരുക്കുന്നപോലെ ജീപ്പിനെ മുന്നോട്ട് നയിക്കുന്ന ഡ്രൈവര്‍ക്ക് മലയാളം നന്നായി അറിയാം ഇവിടുത്തെ ഡ്രൈവര്‍മാര്‍ക്ക് എല്ലാം തന്നെ മലയാളം അറിയാമെന്ന്  അദ്ദേഹം പറഞ്ഞ് മനസിലായി.

നെടുങ്കന്‍ കയറ്റം കയറി മുന്നോട്ട് പോകുമ്പോള്‍ ചെറിയ രണ്ട് ഗ്രാമങ്ങളില്‍ എത്തും. നിട്ടൂരും നഗോഡിയും എന്നാണ് ഇതിന്റെ പേരുകള്‍. ചായ, വെള്ളം എന്നിവ സേവിക്കാന്‍ യാത്രയ്ക്കിടെയുള്ള പോയിന്റും ഈ ഗ്രാമങ്ങളാണ്. അവിടെ നിന്നും യാത്ര പുറപ്പെട്ട് കുടജാദ്രിയില്‍ തൊടുമ്പോള്‍ ഡ്രൈവര്‍ തന്നെ ചില നിര്‍ദേശങ്ങള്‍ നല്‍കും. എന്തെല്ലാം കാണണം എപ്പോള്‍ മടങ്ങിയെത്തണം എന്നൊക്കെ.

കുടജാദ്രി മലയിലെ അതിമനോഹര ദൃശ്യങ്ങള്‍ അതുവരെയുള്ള യാത്ര ദുരിതങ്ങളെ പൂര്‍ണമായി തുടച്ചുമാറ്റും. മുകളിലേക്ക് കയറുന്നതിന്റെ തുടക്കത്തില്‍ തന്നെ ഒരു ഭദ്രകാളി ക്ഷേത്രമുണ്ട്. രണ്ട് പൂജാരികള്‍ വിശ്വാസികളെ കാത്ത് ഇവിടെയുണ്ട് . മുകളില്‍ നിന്നും നേരത്തെ എത്തിയ യാത്രക്കാര്‍ തിരികെ വരുന്നുണ്ടായിരുന്നു. മൂടല്‍ മഞ്ഞ് മൂടിയതിനാല്‍ ഒന്നും കാണാന്‍ കഴിയുന്നില്ലെന്ന് പറയുന്നുണ്ടായിരുന്നു. മഴയുള്ളപ്പോഴാണ് സാധാരണ ഇവിടെ മൂടല്‍ മഞ്ഞ് കൂടുതലായി ഇറങ്ങുന്നത്.

വനപ്രദേശത്തിലൂടെ മുന്നോട്ടു നടന്ന് ഗണേശ ഗുഹയും കണ്ട് ആദിശങ്കരന്റെ സര്‍വജ്ഞാനപീഠത്തിലെത്താം. ആദിശങ്കരന്‍ ഇവിടെ ദേവി സാന്നിധ്യം അറിയുകയും തപസിരുന്നുവെന്നുമാണ് ഐതീഹ്യം. രണ്ട് മീറ്റര്‍ വീതിയിലും നീളത്തിലും തീര്‍ത്ത കരിങ്കല്‍ കെട്ടാണ് സര്‍വജ്ഞ പീഠം. ഇതുകണ്ട് ഇടുങ്ങിയ പാതയിലൂടെ താഴേക്ക് ഇറങ്ങിയാണ് ചിത്രമൂലയിലെത്തും. സൂര്യാസ്തമയം കാണാന്‍ കഴിഞ്ഞാല്‍ അതൊരു അനുഗ്രഹമാണ് എന്നാല്‍ തിരികെയുള്ള പോക്ക് രാത്രിയിലാകും എന്നതിനാല്‍ പലരും അതിന് മെനക്കെടാറില്ല.

കുടജാദ്രിയില്‍ എത്തിച്ചേരാന്‍ പ്രധാനമായും രണ്ടു വഴികള്‍ ഉണ്ട്. ഒന്നു റോഡു മാര്‍ഗ്ഗം ജീപ്പില്‍. ഏകദേശം എട്ടുപേരെയാണ് ജീപ്പില്‍ കൊണ്ടുപോകുന്നത്. കൂടുതല്‍ അംഗങ്ങളെ കൊണ്ടു പോകുന്നവരും കുറവല്ല. പിന്നെയുള്ള ഒരു മാര്‍ഗം വനപാതയാണ്. സീസണില്‍ ഇതു വഴി ധാരാളം കാല്‍നടയാത്രക്കാരുണ്ടാകും. കൊല്ലൂരില്‍ നിന്നും ഷിമോഗക്കുള്ള വഴിയില്‍ ഏകദേശം എട്ടു കിലോമീറ്ററോളം ബസില്‍ യാത്ര ചെയ്താല്‍ വനപാതയുടെ ആരംഭ സ്‌പോട്ടിലെത്താം. അവിടെ നിന്നു ഏകദേശം നാലഞ്ചു മണിക്കൂര്‍ കൊണ്ട് കുടജാദ്രിയുടെ നെറുകയില്‍ എത്താന്‍ കഴിയും.

കാനനപാതയിലൂടെയുള്ള യാത്ര അതിഗംഭീരമാണ്. ഏവരെയും ആനന്ദ ഭരിതമാക്കുന്ന ഈ യാത്രയ്ക്കിടെ മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ചെറിയ ഗ്രാമം കാണാം. കാനനപാതയില്‍ വിശ്രമിക്കാന്‍ കഴിയുന്ന ഏകയിടം ഇതാണ്. ഗ്രാമത്തിലെ ചായക്കടയില്‍ നിന്നും ചായയും കുടിച്ച് യാത്ര തുടരാം. വന്‍ വൃക്ഷങ്ങളും കൂറ്റന്‍ മലനിരകളും ആരെയും വിസ്മയിപ്പിക്കും. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കുടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്, എന്നാല്‍ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമായ ഈ പാത കൂടുതല്‍ പേര്‍ ഉപയോഗിക്കാറില്ല.

സാധാരണ ഒക്ടോബര്‍ മുതലാണ് ഇവിടേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത് ജനുവരി വരെ ഇതിനു പറ്റിയകാലമാണ്. ബാംഗ്ലൂരില്‍ നിന്ന് 326 കിലോമീറ്ററും കാസര്‍കോട് നിന്ന് 216 കിലോമീറ്ററും. മംഗലാപുരത്ത് നിന്ന് 166 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം. കുടജാദ്രിയില്‍ പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് തങ്ങാന്‍ പറ്റിയയിടം കൊല്ലൂര്‍ മൂകാംബികയോ കുന്ദാപുരമോ തന്നെയാണ്. സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന അവസാന സ്ഥലമായ വാളൂരില്‍ നിന്നും യാത്രയ്ക്കിടെ ആവശ്യമുള്ള ഭക്ഷണം കരുതേണ്ടതാണ്. വനംവകുപ്പിന്റെ അനുമതിയുണ്ടെങ്കില്‍ യാത്രചെയ്യുന്നവര്‍ക്ക് മലമുകളില്‍ ക്യാമ്പ് ചെയ്യാം.

share this post on...

Related posts