വാഹനത്തിലിരുന്ന് ഇനി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാം; കെടിഡിസിയുടെ ‘ഇന്‍-കാര്‍ ഡൈനിങ്’

ഇന്‍-കാര്‍ ഡൈനിങ്’ എന്ന സംവിധാനത്തിലൂടെ ടൂറിസം രംഗത്ത് പുത്തന്‍ പ്രതീക്ഷയുമായി എത്തിയിരിക്കുകയാണ് കെടിഡിസി ഹോട്ടലുകള്‍. ഇനി കെടിഡിസിയുടെ ആഹാര്‍ ഹോട്ടലുകളിലേക്ക് എത്തിയാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യമുണ്ടാകും. ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് നവ്യാനുഭവം കൂടിയാണ് കെടിഡിസി റസ്റ്ററന്റുകളില്‍ ഒരിക്കിയിരിക്കുന്നത്.

കാറിനുള്ളിലേക്കു ഭക്ഷണം ലഭിക്കുന്ന നൂതന രീതി കെടിഡിസി ആഹാര്‍ റസ്റ്ററന്റുകളിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലാത്ത ഈ സാഹചര്യത്തില്‍ പുതുമയാര്‍ന്ന ഈ സംവിധാനമൊരുക്കിയതിനാല്‍ യാത്രക്കാരും സന്തോഷത്തിലാണ്.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയതോടെ കെടിഡിസിയുടെ ആഹാര്‍ റസ്റ്ററന്റുകളില്‍ ഇന്‍-കാര്‍ ഡൈനിങ് ഒരുക്കികഴിഞ്ഞു. രാവിലത്തെ ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യാം. ഒപ്പം ലഘുഭക്ഷണവും ഉണ്ടാകും. പ്രതിസന്ധി കാലത്ത് ഹോട്ടല്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്തുകയാണ് നവീന പദ്ധതികളിലൂടെ വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആകര്‍ഷകമായി ഇന്‍-കാര്‍ ഡൈനിങ്

കായംകുളം,കൊട്ടാരക്കര,കുറ്റിപ്പുറം,ധര്‍മശാല എന്നിവിടങ്ങളിലാണ് ആദ്യമായി ഇന്‍-കാര്‍ ഡൈനിങ് ആരംഭിച്ചത്. യാത്രക്കാരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചതോടെ ആഹാര്‍ റെസ്റ്ററന്റ് പാലക്കാട്,കണ്ണൂര്‍,വടകര,മണ്ണാര്‍ക്കാട്,ആലപ്പുഴ, എന്നിവിടങ്ങളിലും സംവിധാനം തുടങ്ങി. കൂടാതെ പാറശാല, മുണ്ടക്കയം, നല്ലേപ്പാറ,നിലമ്പൂര്‍ എന്നിവിടങ്ങളിലും ഇന്‍-കാര്‍ ഡൈനിങ് ആരംഭിക്കാന്‍ ഉദേശിക്കുന്നുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി.

Related posts