കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനൊരുങ്ങി സർക്കാർ

ksrtc
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിനെക്കുറിച്ച് അതാത് പാര്‍ട്ടികള്‍ ആലോചിച്ച് തീരുമാനം പറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.തൊട്ടാല്‍ കൈപൊള്ളുമെന്നതുകൊണ്ട് പലവട്ടം ആലോചനകള്‍ വന്നിട്ടും മാറ്റിവെച്ച തീരുമാനമാണ് മുഖ്യമന്ത്രി തന്നെ ഇടതുമുന്നണിയോഗത്തില്‍ വീണ്ടും മുന്നോട്ടു വെച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാവാത്ത പ്രതിസന്ധിയാണെന്നും ഘടക കക്ഷികള്‍ വിഷയത്തില്‍ തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 3300 കോടി ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് നിലവില്‍ രൂക്ഷമായ പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ബാങ്കുകള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമാണ് പെന്‍ഷന്‍ പ്രായ വര്‍ധനവെന്നും കോര്‍പ്പറേഷന്റെ പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം തന്നെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ ആരും അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാന്‍ തയാറായില്ല.
ശമ്പളവും പെന്‍ഷനും കൊടുക്കാനാകാത്ത കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ താത്കാലികമായെങ്കിലും പിടിച്ചു നിര്‍ത്താനുള്ള മാര്‍ഗമായാണ് സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ധനവിനെ കാണുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ പ്രായം 58 ആക്കാനുള്ള നീക്കത്തിനെതിരെ ഇടതുയുവജന സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഘടകകക്ഷികള്‍ അനുകൂല തീരുമാനമെടുത്താല്‍ എതിര്‍പ്പുകളെ അവഗണിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ പെന്‍ഷന്‍ പ്രായവര്‍ധനവ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചേക്കും

share this post on...

Related posts