കെഎസ്ആര്‍ടിസി പ്രതിസന്ധി; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

Pinarayi-Vijayan

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തിയ ശേഷമായിരിക്കും യോഗം. ഗതാഗത വകുപ്പിലെയും കെഎസ്ആര്‍ടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നു രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണു പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയത്. നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചനിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച കരുണാകരന്‍ നായര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്.

ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. സഹകരണ വകുപ്പിന്റെ സഹായത്തോടെ പെന്‍ഷന്‍ കുടിശിക നല്‍കാനാണു ശ്രമം. ധാരണപ്രകാരം 284 കോടിരൂപയാണു സഹകരണവകുപ്പ് നല്‍കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പായി പെന്‍ഷന്‍ വിതരണം ചെയ്യണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

അതേസമയം, പെന്‍ഷന്‍ കിട്ടാതെ ഇതുവരെ ആത്മഹത്യ ചെയ്തത് 15 പേരാണെന്നാണു യൂണിയനുകളുടെ കണക്ക്. സര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ല. നിയമസഭയില്‍ എത്ര പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിനു സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല

share this post on...

Related posts