ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരനെ ആശുപത്രിയിലാക്കി കെ.എസ്.ആര്‍.ടി.സി

സംസ്ഥാനത്ത് സ്വകാര്യ ബസുകളില്‍ അക്രമം അരങ്ങേറുമ്പോള്‍ മികച്ച മാതൃകയായി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടിസി. ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ സര്‍വ്വീസ് നിറുത്തിവച്ച് ആശുപത്രിയിലാക്കി കെ.എസ്.ആര്‍.ടി.സി മാതൃക.
ഇന്ന് കാലത്ത് 9 നാണ് സംഭവം. ആയൂര്‍ സ്വദേശി ഉണ്ണികൃഷ്ണ പിള്ളയാണ് (46) കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസില്‍ യാത്രാമദ്ധ്യേ കുഴഞ്ഞ് വീണത്.
ഉടന്‍ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യാത്രക്കാരെ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റിവിട്ട ഡ്രൈവര്‍ അജികുമാറും കണ്ടക്ടര്‍ അനുരൂപും യാത്രക്കാരന്റെ ബന്ധുക്കളെ വിവരമറിയിച്ച് അവര്‍ വരുന്നതുവരെ ആശുപത്രിയില്‍ കാത്തിരിക്കുകയായിരുന്നു.
അതേസമയം കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ക്ക് അഭിനന്ദന പ്രവാഹമായി സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കല്ലട ട്രാവല്‍സ് ഇത് കണ്ട് പഠിക്കണമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു

share this post on...

Related posts