നിപ്പ, പ്രളയം, കോവിഡ്; പ്രണയസാഫല്യത്തിനു മൂന്നാം തവണയും വിലങ്ങായി പ്രകൃതി

കോഴിക്കോട്: ആദ്യം നിപ്പ, പിന്നെ പ്രളയം, ഇപ്പോള്‍ കോവിഡ്. ഇവ കാരണം പ്രേമിന്റെയും സാന്ദ്രയുടെയും പ്രണയം അനന്തമായി നീളുകയാണ്. മൂന്നു കാരണങ്ങളാല്‍ ഇതു മൂന്നു തവണയാണ് ഇവരുടെ വിവാഹം മാറ്റിവയ്‌ക്കേണ്ടിവരുന്നത്.
എരഞ്ഞിപ്പാലം അരിയില്‍ പ്രേം ചന്ദ്രന്റയും (26) എ.വി.സാന്ദ്ര സന്തോഷിന്റെയും (23) വിവാഹമാണ് മൂന്നാംതവണയും മാറ്റിവച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. അയല്‍വാസികളായ പ്രേമും സാന്ദ്രയും കുട്ടിക്കാലംതൊട്ട് പരസ്പരം അറിയുന്നവരാണ്. ഏറെക്കാലമായി പ്രണയത്തിലുമാണ്. ഇരുവരെയും പിടിച്ചുകെട്ടിക്കാന്‍ രണ്ടു വര്‍ഷം മുന്‍പ് വീട്ടുകാര്‍ തീരുമാനിച്ചെങ്കിലും പ്രകൃതിയാണ് സമ്മതിക്കാത്തത്.
2018 മേയ് 20ന് വിവാഹം നടത്താനാണ് ഇരുവീട്ടുകാരും ആദ്യം തീരുമാനിച്ചത്. മേയ് 2ന് കോഴിക്കോട്ട് നിപ്പ പൊട്ടിപുറപ്പെട്ടു. മേയ് 16 എത്തിതോടെ ഭയം കാരണം ജില്ലയില്‍ ആരും പുറത്തിറങ്ങാതായി. ഇതോടെ കല്യാണം മാറ്റിവയ്‌ക്കേണ്ട അവസ്ഥയായി. തുടര്‍ന്നു പ്രേമിന്റെ ബന്ധു മരിച്ചതോടെ ഒരു വര്‍ഷം കല്യാണം നടത്താന്‍ കഴിയാത്ത സ്ഥിതിയായി.
പിന്നീട് 2019ല്‍ ഓണക്കാലത്ത് കല്യാണം നടത്താനായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചത്. പക്ഷേ ആ മുഹൂര്‍ത്തം പ്രളയം കൊണ്ടുപോയി. ഒക്ടോബര്‍ വരെ പ്രളയദുരിതം നീണ്ടു. കല്യാണം വീണ്ടും നീണ്ടു. തുടര്‍ന്നാണ് കല്യാണം നടത്താന്‍ 2020 മാര്‍ച്ച് 20, 21 തീയതികളിലായി കല്യാണ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കോവിഡ് 19 വില്ലനായെത്തി. വീണ്ടും വിവാഹത്തീയതി നീട്ടേണ്ടി വന്നു.
ഒരു പ്രണയം സഫലമാവാനുള്ള കാത്തിരിപ്പ് ആശങ്കകളുടെ മൂന്ന് ഋതുക്കള്‍ പിന്നിടുകയാണ്. ഞായറാഴ്ച കല്യാണത്തിനായി ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നു. വിവാഹത്തിനും റിസപ്ഷനുമായി രണ്ടായിരം പേരെ ക്ഷണിക്കുകയും ചെയ്തു. പക്ഷേ കോവിഡിന്റെ പശ്ചാത്തലത്തില്‍ കല്യാണം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
23കാരിയായ സാന്ദ്രയുടെ കുടുംബത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന ആദ്യവിവാഹമാണിത്. അതുകൊണ്ടുതന്നെ പങ്കെടുക്കണമെന്ന് എല്ലാ കുടുംബക്കാര്‍ക്കും ആഗ്രഹമുണ്ട്. അതുകൊണ്ടാണ് കല്യാണം ഇത്തവണയും നീട്ടിയതെന്ന് പ്രേമും സാന്ദ്രയും പറയുന്നു.
എന്തായാലും വരുന്ന സെപ്റ്റംബറില്‍ കല്യാണം നടത്തുമെന്ന് തീരുമാനിച്ച് അരയുംതലയും മുറുക്കി കാത്തിരിക്കുകയാണ് ഇരുവരുടെയും വീട്ടുകാര്‍. എത്രവേണമെങ്കിലും കാത്തിരിക്കാം, അതുവരെ തങ്ങള്‍ പ്രണയിച്ചു നടക്കട്ടെയെന്നാണ് ഒരു പുഞ്ചിരിയോടെ പ്രേമും പറയുന്നു.

Dear Family and Friends, Due to unforeseen circumstances caused due to the Corona Virus or the Covid-19 outbreak, our…

Posted by Prem Chandran on Monday, March 16, 2020

Related posts