തോട്ടപ്പള്ളി കൂടുതല്‍ മനോഹരമാകുന്നു

കടലും കായലും സംഗമിക്കുന്ന മനോഹരചിത്രത്തിന് സാക്ഷിയാകണമെങ്കില്‍ നേരെ തോട്ടപ്പള്ളി ബീച്ചിലേക്ക് പോകാം.മൂന്നു പുണ്യ നദികള്‍ അറബിക്കടലുമായി സംഗമിക്കുന്ന അപൂര്‍വ്വകാഴ്ച കാണാം.പമ്പയും,അച്ഛന്‍കോവിലാറും,മണിമലയാറും ഇവിടെയെത്തി അറബിക്കടലിനെ പുല്‍കുന്നു.പടിഞ്ഞാറ് കടലും,കിഴക്ക് അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളും.. ഇതാണ് തോട്ടപ്പള്ളി..ആലപ്പുഴ കൊല്ലം റൂട്ടില്‍ ദേശീയപാത 47 നോട് ചേര്‍ന്നാണ് ഈ മനോഹര സംഗമമഭൂമി.ആലപ്പുഴ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം ദൂരം. 420 മീറ്റര്‍ ദൂരം വരുന്ന ആറുപതിറ്റാണ്ടോളം പഴക്കമുള്ള തോട്ടപ്പള്ളി സ്പില്‍വേയ്ക്കു ഇരുവശത്തുമായാണ് കടലും കായലും.സ്പില്‍വേ പാലത്തിലൂടെ കടന്നു പോകുന്ന യാത്രികര്‍ക്കും ഇരുവശത്തും പ്രകൃതിയുടെ വേറിട്ട ഭാവങ്ങള്‍ ദൃശ്യമാകുന്നു.ഒരു വശത്ത് തിരയുടെ അലയൊളികളെങ്കില്‍ മറുവശത്ത് ശാന്തമായ കായലോളങ്ങള്‍. കുട്ടനാടന്‍ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത കാഴ്ചയാണ് തോട്ടപ്പള്ളിയിലേത്.വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും കുട്ടനാടിനെ രക്ഷിക്കുവാനായി കടല്‍ത്തീരത്തെ പൊഴി മുറിക്കുന്നതോടെയാണ് കടല്‍ കായല്‍ സംഗമത്തിന്റെ അലയടികള്‍ കാണാന്‍ കഴിയുക.നിലവില്‍ പൊഴി തുറന്നതോടെ ഇവിടേക്ക് സഞ്ചാരികളും കൂടുതലായി എത്തിത്തുടങ്ങി. പൊഴി മുറിച്ചതോടെ മണ്‍തിട്ടകളുടെ പൊക്കം കൂടിയതായി അനുഭവപ്പെടുന്നു. കരയില്‍ നിന്ന് തിരയ്ക്കു മുകളില്‍ കാല്‍ നീട്ടിയിരിക്കാം. ബാല്‍ക്കണിയിലിരുന്ന് കടല്‍ക്കാഴ്ച്ച കാണുന്ന പ്രതീതി… കരിമണല്‍ ധാതുക്കളാല്‍ സമ്പന്നമായത് കൊണ്ട് മറ്റു കടല്‍ത്തീരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കറുത്ത മണലാണിവിടെ. സൂര്യാസ്തമയം കാണാനാണ് ഇവിടെ സഞ്ചാരികളില്‍ അധികവുമെത്തുന്നത്.തോട്ടപ്പള്ളിക്കടുത്ത് തൃക്കുന്നപ്പുഴ ഗ്രാമത്തിലാണ് പല്ലന കുമാരനാശാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്.ഉത്സവ സീസണില്‍ നടത്തുന്ന തോട്ടപ്പള്ളി ബീച്ച് ഫെസ്റ്റ് കാണാന്‍ ധാരാളം പേര്‍ വര്‍ഷംതോറുമിവിടെ എത്തുന്നു.

share this post on...

Related posts