തീന്‍മേശയിലെ ഈ മര്യാദകള്‍ മറക്കരുത്

തീന്‍മേശയില്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അത് വളരെ പ്രധാനപ്പെട്ടതുമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണെങ്കിലും ഹോട്ടലിലാണെങ്കിലും എന്തിനേറെ പറയുന്നു ഡേറ്റിങ് ടേബിളിലാണെങ്കിലും ഈ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. അപരിചിതരോടൊപ്പം, തൊഴിലിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം, ഔദ്യോഗികവും അനൗദ്യോഗിവുമായ സാഹചര്യങ്ങളില്‍ തീന്‍മേശ മര്യാദകള്‍ കൃത്യമായി പാലിക്കണം. ഇത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടും. ഈ മര്യാദകള്‍ പാലിക്കാത്തപ്പോള്‍ ഒപ്പം ഭക്ഷണം കഴിക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടായേക്കാം. അതില്‍ ചിലത് ഇങ്ങനെ.

. സ്ത്രീയായാലും പുരുഷനായാലും ഭക്ഷണം കഴിക്കാന്‍ ഇരിക്കാനായി തീന്‍മേശയുടെ ഇടതുവശത്തുകൂടികയറുക. കഴിച്ചതിനുശേഷം വലതുവശത്തുകൂടി വേണം ഇറങ്ങാന്‍.
. ഒപ്പം സ്ത്രീകള്‍ ഉണ്ടെങ്കില്‍ ആദ്യം അവരെ ഇരിക്കാന്‍ അനുവദിക്കുക.
. നിങ്ങളുടെ കുട്ടികള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും പക്ഷേ മറ്റുള്ളവര്‍ക്ക് അങ്ങനെയാകണമെന്നില്ല. അതുകൊണ്ട് തന്നെ പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ബഹളം വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എപ്പോഴും നിങ്ങള്‍ക്കൊപ്പം ഇരുത്തി ഭക്ഷണം നല്‍കുന്നത് തന്നെയാണ് നല്ലത്.
. അതിഥിയൊടൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ രണ്ടാമത് ഭക്ഷണം വിളമ്പുന്നുണ്ടെങ്കില്‍ അനുവാദം ചോദിച്ചതിനുശേഷം മാത്രം വിളമ്പുക. വേണ്ട എന്നു പറയുകയോ താല്‍പ്പര്യം പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്താല്‍ വീണ്ടും നിര്‍ബന്ധിക്കാതിരിക്കുക.
. ഇരിക്കാന്‍ നേരം വലിയ ശബ്ദത്തോടെ കസേര നീക്കി ചുറ്റുമുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാതിരിക്കുക.
. ഇനി കൈ ഉപയോഗിച്ച് പൊളിച്ചു കഴിക്കേണ്ട ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ സ്പൂണും ഫോര്‍ക്കും മാറ്റിവച്ച് കൈതന്നെ ഉപയോഗിക്കാം.
. കഴിച്ചതിനു ശേഷം ഭക്ഷണം വീണ്ടും എടുക്കേണ്ടി വന്നാല്‍ അടുത്തിരിക്കുന്ന പാത്രത്തില്‍ നിന്നുള്ളവ എടുത്ത് ഉപയോഗിക്കുക.
. വിളമ്പിയതിനു ശേഷം ഇടതുവശത്ത് ഇരിക്കുന്ന ആളിന് പാത്രം കൈമാറുന്നതാണ് മര്യാദ.
. മറ്റൊന്ന് ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ പലരും പിന്തുടരാത്തതുമായ ഒന്നാണ് ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തുള്ള ആള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ശബ്ദം കേള്‍പ്പിച്ച് ചവയ്ക്കുക എന്നത്. തുടക്കത്തില്‍ ബുദ്ധിമുട്ടാണെങ്കിലും കൃത്യമായ പരിശീലനത്തിലൂടെ ഇത് നേടിയെടുക്കാവുന്നതേയുള്ളു.
. മറ്റൊന്ന് ഇരിക്കുന്നതാണ്. പ്ലേറ്റ് അടുപ്പിച്ചുവച്ച് നിവര്‍ന്നിരുന്നു കഴിക്കുക.
. ഫുള്‍കൈ ഷര്‍ട്ട്, ഫുള്‍സ്ലീവ് കൂര്‍ത്ത, ദൂപ്പട്ട, മുടി എന്നിവ പാത്രത്തില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
. ഭക്ഷണാവശിഷ്ടങ്ങള്‍ വായില്‍ കുടുങ്ങിയാല്‍ തീന്‍മേശയില്‍ ഇരുന്ന് കൈയിട്ട് എടുക്കാതിരിക്കുകയും പല്ലിനിടയില്‍ കുത്താതിരിക്കുകയും ചെയ്യുക. അനുവാദം ചോദിച്ചതിനു ശേഷം ഇതിനായി വാഷ്‌റൂമില്‍ പോകാവുന്നതാണ്.

Content Highlights: table manners
……..

share this post on...

Related posts