വേപ്പിലകൾ ഇട്ട് കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് താരൻ്റെ പ്രശ്നങ്ങൾക്കും കേശ സംരക്ഷണത്തിനും ഒക്കെയാണ്. ന്നാൽ വേപ്പെണ്ണ ചർമത്തിൽ ഉപയോഗിക്കുന്ന കാര്യത്തെ പറ്റി ആരുമൊരുപക്ഷേ ചിന്തിച്ചു കാണില്ല. ചർമ്മത്തിൽ വേപ്പെണ്ണ ഉപയോഗിക്കുക എന്നത് വളരെ നല്ലൊരു കാര്യമാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ, കരോട്ടിനോയിഡുകൾ എന്നിവയാൽ സമ്പന്നമായ ഈ എണ്ണ ചർമ്മസംരക്ഷണത്തിനും സൗന്ദര്യത്തിനും ഒട്ടനേകം ഗുണങ്ങൾ നൽകുന്നു. വേപ്പ് മരത്തിൻ്റെ പുറംതൊലി, അതിൽ നിന്ന് എടുക്കുന്ന എണ്ണ, ഇല, കായകൾ എന്നിവയ്ക്ക് ഒട്ടനവധി ഔഷധ ഗുണങ്ങളുണ്ട്. എല്ലാത്തരം ചർമപ്രശ്നങ്ങളും പരിഹരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഇവ.വേപ്പ് എണ്ണയിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനുള്ള മികച്ച ചികിത്സയായി പ്രവർത്തിക്കും.
ഇതിന്റെ ഫാറ്റി ആസിഡ് ഘടകങ്ങൾ ചർമത്തിലെ വടുക്കളും മുഖക്കുരുവും കുറയ്ക്കാൻ സഹായിക്കുന്നു. സ്വാഭാവികമായും ചർമ്മം വരണ്ടു പോകുന്നതിൽ നിന്ന് സംരക്ഷിക്കാൻ ഇതിലെ ആൻറി ഇൻഫ്ലമേറ്ററി ഉള്ളടക്കങ്ങൾ സഹായിക്കും.ചർമത്തിലെ ചുളിവുകളുടെ രൂപം കുറയ്ക്കാൻ വേപ്പെണ്ണയ്ക്ക് കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ഫ്രീ റാഡിക്കലുകളെ പുറന്തള്ളി ചർമത്തിന് പോഷകങ്ങൾ, ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ നൽകുന്നു. വേപ്പ് എണ്ണയുടെ സഹായത്തോടെ നിങ്ങൾക്ക് എക്സിമ എന്ന രോഗത്തിൽ നിന്ന് പരിഹാരം ഉണ്ടാകാൻ സാധിക്കും. വേപ്പിൻ്റെ എണ്ണയ്ക്ക് ചർമത്തിലെ വരൾച്ച ഇല്ലാതാക്കിക്കൊണ്ട് ആവശ്യമായ ഈർപ്പം നൽകാനുള്ള കഴിവുണ്ട്.വരണ്ട ചർമ്മസ്ഥിതി, മങ്ങിയ നിറം എന്നിവയെല്ലാം ഒഴിവാക്കാൻ വേപ്പെണ്ണയിലെ ഉയർന്ന ഫാറ്റി ആസിഡും ആന്റിഓക്സിഡന്റുകളും സഹായിക്കും. ചർമ്മത്തെ സുഖപ്പെടുത്തുന്ന സ്വഭാവമുള്ള ഇവ വരണ്ട ചർമമുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു മികച്ച മോയ്സ്ചുറൈസറാണ്.

ഏറ്റവും ഫലപ്രദമായ ഒരു ഫംഗസ് വിരുദ്ധ എണ്ണയായി വേപ്പിൻ എണ്ണയെ കണക്കാക്കിയിരിക്കുന്നു. കുഴിനഖം പോലുള്ള പലവിധ ഫംഗസ് അണുബാധകളെ ചികിത്സിക്കാൻ ഇത് മികച്ചതാണ്. ജെഡുനിൻ എന്ന് വിളിക്കുന്ന പോഷകങ്ങൾ വേപ്പ് എണ്ണയിലെ പ്രധാന ആന്റിഫംഗൽ ഘടകമാണ്.മിക്ക ആളുകളുടെയും ചർമത്തിൽ വേപ്പെണ്ണ ഉപയോഗിക്കുന്നത് സുരക്ഷിതമാണെങ്കിലും അത് വളരെ ശക്തമായ ചേരുവയായതിനാൽ സെൻസിറ്റീവ് ചർമമുള്ളവർക്ക് ഇത് ചില പ്രതികൂല പ്രതികരണങ്ങൾക്ക് കാരണമായേക്കാം.മുഖക്കുരുവിൻ്റെ പാടുകളെ ചികിത്സിക്കാൻ നിങ്ങൾക്ക് ഈ എണ്ണ നേർത്ത രൂപത്തിലാക്കി ഉപയോഗിക്കാം. ഇതിനായി ചെയ്യേണ്ടത്, വെളിച്ചെണ്ണ പോലുള്ള ഏതെങ്കിലും കാരിയർ ഓയിലിനോടൊപ്പം വേപ്പെണ്ണ കലർത്താം. ഒരു കോട്ടൺ കൈലേസ് ഇതിൽ മുക്കി നേരിട്ട് ചർമ്മത്തിൽ പ്രയോഗിക്കുക. മുഖക്കുരുവും പാടുകളും ഉള്ള ഭാഗങ്ങളിൽ ഇത് പുരട്ടി ഒരു രാത്രി മുഴുവൻ സൂക്ഷിക്കുക.