എന്താണ് ബിഎസ്-4, ബിഎസ്-6 വാഹനങ്ങള്‍? അറിയേണ്ടതെല്ലാം

bs

ബി എസ് -4 വാഹനങ്ങള്‍ക്ക് ഇനി വെറും ഒന്നര വര്‍ഷം മാത്രമാണ് ആയുസ് എന്നത് ഉറപ്പായിരിക്കുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വാഹന നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി എസ് 6 നിലവാരത്തിലുള്ളവയായിരിക്കണമെന്നാണ് കോടതി ഉത്തരവ്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക തീരുമാനം. പലര്‍ക്കും ഇപ്പോഴുമുള്ള സംശയമാവും എന്താണ് ബി എസ് എന്താണെന്നത്. അതേക്കുറിച്ച് വിശദമായി മനസിലാക്കാം.

എന്താണ് ബി എസ്?
രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്റെ ചുരുക്കെഴുത്താണ് ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു.

മലിനീകരണ നിയന്ത്രണ ചട്ടങ്ങളുടെ പിറവി
1991ലാണ് ആദ്യമായി ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിലവില്‍വന്നത്. ആദ്യം പെട്രോള്‍ വാഹനങ്ങള്‍ക്കായിരുന്നു. തൊട്ടടുത്ത വര്‍ഷം ഡീസല്‍ എന്‍ജിനുകള്‍ക്കുള്ള ചട്ടങ്ങള്‍ നിലവില്‍വന്നു. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്.

ചട്ടങ്ങള്‍ പ്രകാരം ഓരോ സ്റ്റേജിലുമുള്ള വാഹനങ്ങളില്‍നിന്നു ബഹിര്‍ഗമിക്കുന്ന വാതകങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോ കാര്‍ബണുകള്‍, സൂക്ഷ്മ ഘടകങ്ങള്‍ എന്നിവയുടെ അളവുകളാണ് ഓരോ വിഭാഗത്തിലും പറയുന്നത്.

ബി എസിന്റെ തുടക്കം
1998വരെ ആദ്യം രൂപീകരിച്ച മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു രാജ്യത്തെ വാഹനനിര്‍മ്മാണം. എന്നാല്‍ 2000ത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് രൂപപ്പെടുത്തുന്നത്. തൊട്ടടുത്ത വര്‍ഷം ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബി എസ് 2 നടപ്പിലാക്കി. 2005-ഓടെയാണ് രാജ്യവ്യാപകമായി ബിഎസ് 2 നടപ്പാക്കിയത്. 2010-ലാണ് ബിഎസ് 3 നിലവാരത്തിലെക്കെത്തുന്നത്.

2010 ഒക്ടോബര്‍ മുതല്‍ ബി എസ് 3 മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് വാഹനനിര്‍മ്മാണം നടന്നത്. എന്നാല്‍ 2017 മാര്‍ച്ച് 31 ഓടെ ഈ വാഹനങ്ങളും നിരത്തൊഴിഞ്ഞു. സുപ്രീം കോടതി ഉത്തരവനുസരിച്ച് 2017 ഏപ്രില്‍ 1 മുതല്‍ ബിഎസ് 3 എഞ്ചിന്‍ നിലവാരത്തിലുള്ള വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കാനാവില്ല. 96,724 വാണിജ്യ വാഹനങ്ങളും 6.7 ലക്ഷം ഇരു ചക്ര വാഹനങ്ങളും, 40,048 മുചക്ര വാഹനങ്ങളും 16,198 കാറുകളുമാണ് കോടതി ഉത്തരവനുസരിച്ച് കഴിഞ്ഞ വര്‍ഷം അരങ്ങൊഴിഞ്ഞത്. ഇതുമൂലം 12,000 കോടിയുടെ നഷ്ടം അന്ന് വാഹന നിര്‍മ്മാണ കമ്പനികള്‍ക്കുണ്ടായെന്നാണ് കണക്കുകള്‍.

” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ”

ബിഎസ് 4 വാഹനങ്ങളാണ് ഇപ്പോള്‍ നിരത്തില്‍. ബി എസ് – 3 പ്രകാരമുള്ളവയുടെ പകുതിയില്‍ താഴെ ബഹിര്‍ഗമനമേ ബി എസ് – 4 ചട്ടങ്ങള്‍ അനുവദിക്കുന്നുള്ളൂ. മലിനീകരണം അതിനനുസരിച്ച് കുറയും. 2020 മാര്‍ച്ച് 31 ശേഷം ഇവയും നിരത്തൊഴിയും. 2020ല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ബിഎസ്-6 ചട്ടങ്ങള്‍ ബിഎസ്-4 ചട്ടങ്ങളേക്കാള്‍ കര്‍ശനമായിരിക്കും.

ബിഎസ്3യും ബിഎസ് 4ഉം തമ്മിലുള്ള വ്യത്യാസം
ബി എസ്-3നെ അപേക്ഷിച്ച് ബി എസ് -4 ഗണത്തില്‍പെടുന്ന വാഹനങ്ങളില്‍ മലിനീകരണ നിയന്ത്രണ തോത് കുറവായിരിക്കും. അതായത് ബി എസ്-3 വാഹനങ്ങളെക്കാള്‍ 80 ശതമാനം കുറവ് മലിനീകരണം മാത്രമെ ബി എസ് -4 വാഹനങ്ങള്‍ക്കുണ്ടാവൂ.

ഇപ്പോള്‍ നിലവിലുള്ള ചട്ടങ്ങളുടെ വിശദവിവരങ്ങള്‍ ചുവടെ

 

BS-2
(CO – കാര്‍ബണ്‍ മോണോക്‌സൈഡ് ബഹിര്‍ഗമനം, HC – ഹൈഡ്രോ കാര്‍ബണുകള്‍, NOx – നൈട്രജന്‍ ഓക്‌സൈഡ് ബഹിര്‍ഗമനം, PM – പര്‍ട്ടിക്കുലേറ്റ് മാറ്റര്‍)

എന്താണ് ബിഎസ് 6?
ബിഎസ് 4 ഇന്ധനവും ബിഎസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ സള്‍ഫറിന്റെ അംശമാണ്. ബിഎസ് 4 ഇന്ധനത്തില്‍ 50പിപിഎം സര്‍ഫര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ബിഎസ്6 അത് 10 പിപിഎം മാത്രമായി ഒതുങ്ങുന്നു. ബിഎസ് 6 ന്റെ വരവോടു കൂടി പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറം തള്ളുന്ന നൈറ്റജന്‍ ഓക്‌സൈഡിന്റെ അളവ് പകുതിയില്‍ അധികം കുറയും. ബിഎസ് 6 നിരവാരത്തില്‍ ഒരു വാഹനം നിര്‍മിക്കുക എന്നാല്‍ അതിന്റെ ആദ്യ ഘട്ടം മുതല്‍ മാറ്റങ്ങള്‍ ആവശ്യമാണ്. ഉപയോഗിക്കുന്ന ഘടകങ്ങളും സുരക്ഷയ്ക്കും അടക്കം ബിഎസ് 6 നിലവാരത്തിലെത്തിക്കണം.

എന്തുകൊണ്ടാണ് ബി എസ് 5 ഇല്ലാത്തത്?
ഇന്ത്യയില്‍ മലിനീകരണ തോത് വളരെക്കൂടുതലായതിനാല്‍ 2020-ഓടെ ബി എസ് 6 നിലവാരം കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബി എസ് 5 നിലവാരത്തില്‍ തൊടാതെയാണ് ഒറ്റയടിക്ക് ബി എസ് 6-ലേക്ക് കടക്കുന്നത്. വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. 2010-ലെ കണക്കനുസരിച്ച് പ്രതിവര്‍ഷം 6,20,000 ആളുകള്‍ ശ്വാസകോശ സംബന്ധ രോഗങ്ങളാലും ഹൃദയ രോഗങ്ങളാലും മരണത്തിനു കീഴടങ്ങുന്നുണ്ട്. ഈ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം മരണത്തിനു കാരണമാകുന്നത് വായു മലിനീകരണമാണ്.

വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നത്തിനു വേണ്ടി മാത്രം ജനങ്ങള്‍ ജി ഡി പിയുടെ മൂന്നു ശതമാനം തുക ചിലവഴിക്കുന്നു. യൂറോപ്പില്‍ പുറത്തിറങ്ങുന്ന കാറുകളെ അപേക്ഷിച്ച് നാലര മടങ്ങധികം ഇന്ത്യന്‍ കാറുകള്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്നുവെന്നാണ് കണക്കുകള്‍.
ഏറ്റവുമധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെന്നാണ് ഇന്ത്യ. എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പാദനം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്ത്യ വളരെ പിന്നിലാണ്. വായുമലിനീകരണം ഏറ്റവുമധികം ബാധിക്കുന്നത് നഗരങ്ങളെയാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 എണ്ണം ഇന്ത്യയിലാണുള്ളത്. മെട്രോ നഗരങ്ങളുടെ അതിവേഗ വളര്‍ച്ച അക്ഷരാര്‍ത്ഥത്തില്‍ അവയെ വാസയോഗ്യമല്ലാതാക്കുന്നു. ഇതു മൂലമാണ് ബി എസ് 4ല്‍ നിന്നും ബി എസ് 5 നിലവാരത്തെ മറികടന്ന് മൂന്നു വര്‍ഷം കൊണ്ട് ബി എസ്6 ലേക്ക് പോകുന്നത്.

ശ്രമകരമായ ദൗത്യം
ബി എസ് 6 നിലവാരം കൈവരിക്കണമെങ്കില്‍ വാഹനം മാത്രമല്ല ഇന്ധനവും ആ നിലവാരത്തിലേയ്ക്ക് ഉയരേണ്ടതുണ്ട്. ബി എസ് 6 എത്തുന്നതോടെ അതോടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും. എഞ്ചിന്‍ നിലവാരം വര്‍ധിക്കുന്നതിനൊപ്പം ഇന്ധന നിലവാരവും വര്‍ധിക്കേണ്ടതുണ്ട്. നിലവിലുള്ള ബിഎസ് 4 നിലവാരമുള്ള ഇന്ധനം 2010-ലാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പൂര്‍ണമായും ഈ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എണ്ണ കമ്പനികള്‍ക്കും സര്‍ക്കാറിനും വന്‍ മുടക്കു മുതല്‍ ഇന്ധന നിലവാരം വര്‍ധിപ്പിക്കാന്‍ ആവശ്യമാണ്. ബി എസ് നാല് നിലവാരത്തില്‍ നിന്നും ബി എസ് ആറ് നിലവാരത്തിലെത്താന്‍ ആദ്യമായി ഇന്ധന നിര്‍മാതാക്കള്‍ ഏകദേശം 50,000 കോടി രൂപ മുതല്‍ 80,000 കോടി രൂപ വരെയെങ്കിലും അധിക നിക്ഷേപം നടത്തേണ്ടിവരുമെന്നാണു കരുതുന്നത്. അതായത് 2020-ഓടെ ബിഎസ് 6 നടപ്പാക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണെന്ന് ചുരുക്കം.

share this post on...

Related posts