അടുക്കളയില്‍നിന്നെത്തി അരങ്ങ് കീഴടക്കിയിട്ട് തൊണ്ണൂറാണ്ട് ; പ്രൗഢി ചോരാതെ വടക്കിനിയേടത്ത് മന

തിയ്യാടി പെണ്‍കുട്ടിയില്‍നിന്ന് അക്ഷരങ്ങളെഴുതാന്‍ പഠിച്ച ക്ഷേത്രപൂജാരി. ഫോര്‍ത്ത് ഫോമില്‍ (ഒമ്പതാം ക്ലാസ്) ആദ്യമായി സ്‌കൂളില്‍ ചേര്‍ന്ന ആ പൂജാരി, നമ്പൂതിരി ഭവനങ്ങളിലെ അടുക്കളയില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെ തീ അരങ്ങിലേക്ക് പകര്‍ന്നു. കേരള നവോത്ഥാനത്തിലെ സുപ്രധാന ഏടായ ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം വി.ടി. ഭട്ടതിരിപ്പാട് എഴുതി അവതരിപ്പിച്ചിട്ട് 90 വര്‍ഷം. നിരക്ഷരനില്‍നിന്ന് ഔദ്യോഗിക വിദ്യാഭ്യാസം നേടാനായി ഒല്ലൂരിലെ നമ്പൂതിരി വിദ്യാലയത്തില്‍ ഫോര്‍ത്ത് ഫോമില്‍ ചേര്‍ന്നതിന് ഒരു നൂറ്റാണ്ടും.
1929 ഡിസംബര്‍ 24ന് രാത്രിയാണ് ഒല്ലൂരിനടുത്ത് എടക്കുന്നിയിലെ വടക്കിനിയേടത്ത് മനയില്‍ വി.ടി. ഭട്ടതിരിപ്പാടെന്ന സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ ആദ്യമായി അവതരിപ്പിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അമ്മ വിഷ്ണുദത്തയുടെ ജന്മവീടായിരുന്നു വടിക്കിനിയേടത്ത് മന. നമ്പൂതിരി ഭവനങ്ങളില്‍ മറക്കുടയ്ക്കുള്ളില്‍ ജീവിതം ഹോമിച്ച സ്ത്രീകളെ അരങ്ങത്തേക്കിറക്കിയ നാടകം സമുദായത്തില്‍ നിലനിന്ന ദുരാചാരങ്ങളെ ചോദ്യംചെയ്തു. മുണ്ടമുക ശിവക്ഷേത്രത്തിലെ പൂജാരിയായിരുന്ന വി.ടി. ഭട്ടതിരിപ്പാടിനെ ഈ മനയിലേക്കെത്തിച്ചതും ചരിത്രനിയോഗം. പഠനത്തിലെ സംശയം തീര്‍ക്കാനായി ഒരു തിയ്യാടി പെണ്‍കുട്ടി അമ്പലത്തിലെ പൂജാരിയായ വി.ടി. ഭട്ടതിരിപ്പാടിനെ സമീപിച്ചു. എഴുതാനും വായിക്കാനും അറിയാത്തവനായിരുന്നു ആ പൂജാരി. അങ്ങനെ തിയ്യാടി പെണ്‍കുട്ടിയുടെ ശിക്ഷണത്തില്‍ വി.ടി. അക്ഷരം പഠിച്ചു. അമ്പലത്തിലേക്ക് നേര്‍ച്ചദ്രവ്യങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസ് കഷണങ്ങളിലെ അക്ഷരങ്ങള്‍ പഠിച്ചായിരുന്നു തുടക്കം.

share this post on...

Related posts