മഴക്കാല കൃഷിക്കാര്‍ അറിയുന്നതിന്

മഴക്കാലം പച്ചക്കറികൃഷിക്കനുയോജ്യമല്ല എന്നതാണ് നാട്ടുനടപ്പ്. കാലവര്‍ഷം കനത്തിട്ട് പച്ചക്കറി നടുന്നത് പേരുദോഷം ഉറപ്പിക്കും.ഇതിനൊരു പ്രതിവിധിയേ ഉളളൂ. ശരിയായ സമയത്തുളള നടീല്‍. എന്നാല്‍ മഴക്കാലത്തിനു തൊട്ടുമുന്പുനട്ട പച്ചക്കറികള്‍ക്ക് മഴക്കാലത്ത് നല്ലപരിചരണംനല്‍കിയാല്‍ നല്ല വിളവ് ഉറപ്പ്. മഴക്കാല പച്ചക്കറി കൃഷിയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് നടീല്‍ അകലം. ലഭ്യമാകുന്ന സൂര്യപ്രകാശം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ ഇടയകലം നിര്‍ബന്ധം.രണ്ട് വരികള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരടിയും,വഴുതിന വര്‍ഗ്ഗചെടികള്‍ക്ക് നല്‍കുമ്പോള്‍ രണ്ട തടങ്ങള്‍ തമ്മില്‍ 2 മീറ്റര്‍ ഇടയകലം വെളളരിവര്‍ഗ്ഗവിളകള്‍ക്ക് കൊടുക്കണം. മണ്ണിലെ പുളിരസം മഴക്കാല പച്ചക്കറികള്‍ക്ക് രോഗതീവ്രതയ്ക്ക് കാരണമാകും. മണ്ണൊരുക്കുമ്പോള്‍ തന്നെ സെന്റൊന്നിന് രണ്ടരകിലോഗ്രാം കുമ്മായം മണ്ണുമായി ഇളക്കി ചേര്‍ക്കുന്നത് പ്രശ്ന പരിഹാരം. മഴക്കാല പച്ചക്കറി കൃഷിക്ക് ഉണങ്ങിപൊടിഞ്ഞ കോഴികാഷ്ടമോ കമ്പോസ്റ്റോ ജൈവവളമാക്കാം. മഴക്കാലത്ത് ധാരാളമായി ലഭിക്കുന്ന ശീമക്കൊന്നയില പച്ചക്കറികൃഷിക്ക് രണ്ടാഴ്ചയിലൊരിക്കല്‍ ചേര്‍ത്തുകൊടുക്കാം. ജൈവപച്ചക്കറികൃഷിക്ക് ശീമക്കൊന്നയില ഒരു അഭിവാജ്യഘടകം കൂടിയാണ്. ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ആഴ്ചയിലൊരിക്കല്‍ രണ്ട് പിടിയെങ്കിലും ചെടിയൊന്നിന് നല്‍കണം. ഒരു കിലോ പച്ചചാണകം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുക്കണം. ബയോഗ്യാസ് സ്ലറിയും ഇതേ രീതിയില്‍ പ്രയാഗിക്കാം. കമ്മ്യൂണിസ്റ്റ് പച്ചയോ വേപ്പിലയോ ഉപയോഗിച്ച് പുതയിടുന്നതും ഗോമൂത്രം 8 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കുന്നതും കീടങ്ങള്‍ക്കുളള പ്രതിരോധ മുന്നറിയിപ്പാകും. രോഗപ്രതിരോധ ശേഷിയുളള ഇനങ്ങള്‍ കൃഷിചെയ്യുന്നതും മഴക്കാല പച്ചക്കറി കൃഷിയില്‍ പ്രധാനം തന്നെ.

share this post on...

Related posts