ഉപ്പൂറ്റിവേദന നിസ്സാരമല്ല; ശ്രദ്ധിക്കണം

കാലുകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ മുട്ടുവേദന പോലെ തന്നെ മറ്റൊരു വില്ലനാണ് ഉപ്പൂറ്റിയില്‍ ഉണ്ടാകുന്ന വേദനയും. നമ്മെ താങ്ങി നിര്‍ത്തുന്ന കാല്‍പാദങ്ങള്‍ക്ക് അതിനുള്ള ശേഷി ഇല്ലാതായാല്‍ ഉള്ള അവസ്ഥ വളരെ ഭീകരമല്ലേ? രാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുമ്പോഴാകും പാഠങ്ങള്‍ നിലത്തുറപ്പിക്കാന്‍ പോലും സാധിക്കാത്ത വിധം വേദന അനുഭവപ്പെടുന്നത്. ചിലര്‍ക്ക് ഈ വേദന കുറച്ച് നടന്നാല്‍ മാറും. എന്നാല്‍ അല്‍പനേരം വിശ്രമിച്ച ശേഷം വീണ്ടും നടക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ വേദന വീണ്ടും അനുഭവപ്പെടും. തണുപ്പുള്ള സമയമാണെങ്കില്‍ വേദനയുടെ കാഠിന്യവും വര്‍ദ്ധിക്കും. ശരീരത്തിലെ വിവിധ അവയവങ്ങള്‍ക്ക് അനുഭവപ്പെടുന്ന വേദന മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ല എന്ന് പറയുന്നത് വളരെ ശരിയാണ്. ഉപ്പൂറ്റിവേദന അനുഭവിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് അതിന്റെ തീവ്രത എത്രത്തോളമാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല.

ഉപ്പൂറ്റിവേദനയുണ്ടാകാന്‍ കാരണം

ഉപ്പൂറ്റിവേദനയുള്ള പലരും പറയുന്നത് കാലുകള്‍ നിലത്ത് കുത്തുമ്പോഴേ സൂചി കുത്തിക്കേറുന്ന വേദന ആണെന്നാണ്. കാലിന്റെ അടിയിലെ പേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് ഉപ്പൂറ്റിവേദന ഉണ്ടാകാന്‍ പ്രധാന കാരണം. മാര്‍ബിള്‍, ടൈല്‍സ് തുടങ്ങിയ തണുത്ത പ്രതലത്തില്‍ കൂടുതല്‍ സമയം പതിവായി ചെരിപ്പ് ഇടാതെ നില്‍ക്കേണ്ട അവസ്ഥ ഉള്ളവരിലും ഉപ്പൂറ്റിവേദന കാണാറുണ്ട്. കൂടാതെ അധികനേരം വെള്ളത്തില്‍ നിന്ന് ജോലി ചെയ്യുന്നവരിലും (അലക്ക് പോലുള്ളവ) ഈ ആരോഗ്യപ്രശ്‌നം സങ്കീര്‍ണ്ണമാണ്. നനഞ്ഞ സോക്‌സ് ധരിക്കുന്നവരിലും ഈ പ്രശ്‌നം കാണാം. സ്ത്രീകളിലാണ് ഉപ്പൂറ്റിവേദന കൂടുതലായി കാണപ്പെടുന്നത്. പ്രത്യേകിച്ചും, മണിക്കൂറുകളോളം തുടര്‍ച്ചയായി നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാരില്‍. ഇവരെ കൂടാതെ, അധ്യാപകര്‍, സെയില്‍സ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, നേഴ്സുമാര്‍, ട്രാഫിക് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവരിലൊക്കെ മുട്ടുവേദനയും ഉപ്പൂറ്റിവേദനയും കാണപ്പെടാറുണ്ട്. തെറ്റായ ജീവിത ശൈലിയും ഉപ്പൂറ്റിവേദന ഉണ്ടാകാനുള്ള ഒരു പ്രധാനകാരണമാണ്. കൂടാതെ പാദങ്ങളെക്കാള്‍ അളവ് കുറഞ്ഞ ചെരുപ്പ് പതിവായി ധരിക്കുന്നവരിലും ഉപ്പൂറ്റിവേദന കൂടുതലായി കാണപ്പെടാറുണ്ട്. ചില സന്ദര്ഭങ്ങളിലെങ്കിലും കാല്‍പാദങ്ങളിലുണ്ടാകുന്ന മുറിവും ചതവുമൊക്കെ ഉപ്പൂറ്റിവേദന ഉണ്ടാകാന്‍ കാരണമാകാറുണ്ട്. ഹൈ ഹീല്‍സ് (high heels) ചെരുപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരിലും ഉപ്പൂറ്റിവേദന ഉണ്ടാകും.

പ്രതിവിധി

എല്ലാത്തരം ഉപ്പൂറ്റിവേദനകളും ഇല്ലാതാക്കാന്‍ ശസ്ത്രക്രിയയുടെ സഹായം വേണ്ട. നിങ്ങളുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളും ഉണ്ട്. വ്യായാമങ്ങള്‍ ഉള്‍പ്പടെയുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഉപ്പൂറ്റിവേദനയ്ക്ക് ആശ്വാസം നല്‍കും. ഉപ്പൂറ്റിവേദനയുള്ളവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:

? ഐസ് ക്യൂബ് ഉപയോഗിച്ച് ഉപ്പൂറ്റിവേദന ശമിപ്പിക്കാന്‍ കഴിയും. ഐസ് ക്യൂബ് എടുത്ത് കാലിന്റെ അടിയില്‍ വേദന ഉള്ള ഭാഗത്ത് മസ്സാജ് ചെയ്യണം. പതിനഞ്ച് മുതല്‍ ഇരുപത് മിനിറ്റ് വരെ തുടര്‍ച്ചയായി മസ്സാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.

? കൈകള്‍ ഉപയോഗിച്ച് മസ്സാജ് ചെയ്തും വേദന കുറയ്ക്കാം. തള്ളവിരല്‍ ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് വട്ടത്തില്‍ തിരുമ്മാവുന്നതാണ്.

? വേദനയുള്ളവര്‍ കാലിന്റെ അടിയില്‍ ഒരു ബോള്‍ ഉപയോഗിച്ച് അമര്‍ത്തി മസ്സാജ് ചെയ്യാം.

? ചെറു ചൂട് വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് അതില്‍ കാലുകള്‍ അല്‍പ സമയം ഇറക്കി വെക്കുക. ഇതും വേദനയ്ക്ക് ശമനം നല്‍കാന്‍ സഹായിക്കും.

? ഇളം ചൂടുള്ള കൊട്ടന്‍ചുക്കാദി-കര്‍പ്പൂരാദി തൈലം കാലിനടിയില്‍ പുരട്ടുന്നതു വേദന കുറയ്ക്കാന്‍ സഹായിക്കും.

? കൊട്ടന്‍ചുക്കാദി തൈലവും സഹചരാദി തൈലവും ചേര്‍ത്ത് ചൂടാക്കിയും ഉപ്പൂറ്റിയില്‍ തേക്കാവുന്നതാണ്. അല്ലെങ്കില്‍ ഈ മിശ്രിതം ചെറു ചൂടോടെ ഉപ്പൂറ്റിയില്‍ ധാര കോരുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും.

? ബലമുള്ള ഒരു ട്രേയില്‍ കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന പത്തോ ഇരുപതോ ഗോലികള്‍ എടുക്കുക. അതിലേയ്ക്ക് കൊട്ടന്‍ചുക്കാദി തൈലവും സഹചരാദി തൈലവും ചേര്‍ത്തെടുത്ത മിശ്രിതം ഒഴിച്ച് കാലുകള്‍ ഈ ഗോലികളുടെ മേലെ ചവിട്ടി മസ്സാജ് ചെയ്യുന്നതും വേദന ശമിപ്പിക്കാന്‍ സഹായിക്കും.

? മുറിച്ച ചെറു നാരങ്ങയും ഇന്തുപ്പ് പൊടിച്ചതും ചേര്‍ത്ത് വാട്ടിയെടുത്തശേഷം ഉപ്പൂറ്റി ഭാഗത്തു കിഴിവയ്ക്കുന്നതും വേദന കുറയ്ക്കാന്‍ നല്ലതാണ്.

? എരിക്കില ചെറുതായി അരിഞ്ഞ് ചട്ടിയില്‍ ചൂടാക്കുക. ഇത് ഒരു തുണിയില്‍ കിഴി പോലെ കെട്ടി, അത് കാലിനടിയില്‍ പിടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.

ഉപ്പൂറ്റിവേദന വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങളുടെ പാദങ്ങള്‍ക്ക് അനുയോജ്യമായ പാദരക്ഷകള്‍ ധരിക്കുക എന്നതാണ് പരമപ്രധാനം. ചവിട്ടുന്ന ഭാഗം മൃദുവായ പാദരക്ഷകള്‍ വേണം തിരഞ്ഞെടുക്കാന്‍. ഉപ്പൂറ്റിവേദന ഉള്ളവര്‍ ശരീരഭാരം ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്. അമിത ഭാരം താങ്ങാനുള്ള കഴിവ് നിങ്ങളുടെ ഉപ്പൂറ്റിയ്ക്ക് ഉണ്ടായെന്ന് വരില്ല. അതുകൊണ്ട് വ്യായാമത്തിലൂടെ ശരീരഭാരം ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.

? ഹൈ ഹീല്‍ അല്ലെങ്കില്‍ പോയിന്റഡ് ഹീല്‍ ആയ ചെരുപ്പുകള്‍ ധരിക്കുന്നത് ഒഴിവാക്കുക. ഫ്‌ലാറ്റ് ആയ ചെരുപ്പുകള്‍ ധരിക്കാം. പാദം പതിയുന്നിടം മൃദുവായ ചെരിപ്പുകള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

? തണുപ്പുള്ള സ്ഥലങ്ങളില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ ചെരുപ്പ് ധരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ടൈല്‍സിലും മറ്റും ദീര്‍ഘനേരം നില്‍ക്കേണ്ട സാഹചര്യം ഉള്ളപ്പോള്‍ ചെരുപ്പ് ധരിക്കുക.

? അമിത വണ്ണം ഉള്ളവര്‍ ശരീരഭാരം കുറയ്ക്കുക.

? അധിക നേരം നിന്ന് ജോലി ചെയ്യുന്നവര്‍ ക്രമമായ ഇടവേളകളില്‍ ഇരുന്ന് വിശ്രമിക്കേണ്ടതാണ്.

? തണുപ്പുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കാലുകളില്‍ സോക്‌സ് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം നനഞ്ഞ സോക്‌സ് ധരിക്കുന്നത് ഒഴിവാക്കുകയും വേണം.

? ഉറങ്ങുമ്പോള്‍ സോക്‌സ് ധരിച്ച് തണുപ്പേല്‍ക്കാത്തവിധം പുതച്ച് കിടക്കാവുന്നതാണ്.

? വീടിനുള്ളില്‍ നടക്കുമ്പോള്‍ ചെരുപ്പ് ഉപായയോഗിക്കാനും മറക്കരുത്. ഉപ്പൂറ്റിയ്ക്ക് വേദനയുള്ളവര്‍ ചെരിപ്പില്ലാതെ കുറെ ദൂരം നടക്കുന്നത് ഒഴിവാക്കണം.

share this post on...

Related posts