കോളി ഫ്‌ളവര്‍ കൃഷി; അറിയേണ്ടതെല്ലാം

ഗോബി എന്ന പേരില്‍ ഇന്ത്യയിലാകമാനം അറിയപ്പെടുന്ന കോളിഫ്ളവറിന് ആവശ്യക്കാരേറെയാണ്. ഇലകളാല്‍ ചുറ്റപ്പെട്ട് പൂവിനോട് സാമ്യം തോന്നിപ്പിക്കുന്ന നടുഭാഗമാണ് ഭക്ഷ്യയോഗ്യം. വര്‍ഷത്തില്‍ രണ്ട് കാലങ്ങളിലായി കൃഷിചെയ്യുന്ന കോളിഫ്ളവറിനും അതേ വര്‍ഗത്തില്‍ വരുന്ന ബ്രോക്കളിക്കും ഇന്ന് വിപണിയില്‍ വലിയ സാദ്ധ്യതയാണ് തുറന്നിട്ടുള്ളത്. ശരീരത്തിനാവശ്യമായ പ്രതിരോധ ശക്തി പകരുന്നതിനോടൊപ്പം, രക്തത്തിലുണ്ടാകുന്ന കൊഴുപ്പിനെ നിയന്ത്രിക്കുന്നതിലും ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയെ തടയുന്നതിലും ഗോബി ശരിയായ പങ്കുവെക്കുന്നു എന്നാണ് കണ്ടെത്തല്‍. കൃത്യമായ കാലാവസ്ഥയും മിതമായ താപനിലയുമാണ് (1025 ഡിഗ്രി സെല്‍ഷ്യസ്) കോളിഫ്ളവര്‍ കൃഷിക്കനുയോജ്യം. ഏറെ വരണ്ടതും ഈര്‍പ്പം കുറഞ്ഞതുമായ കാലാവസ്ഥ കൃഷിയെ ദോഷകരമായി ബാധിക്കും. അതുപോലെത്തന്നെ, വളരെ താഴ്ന്ന താപനില കോളിഫ്ളവര്‍ മൂപ്പെത്തുന്നതിനേയും വലിപ്പത്തേയും ദോഷകരമായി ബാധിക്കാനുമിടയുണ്ട്. ധാരാളം ജൈവവളവും സുലഭമായ ജലസേചനവും കൃഷിക്കാവശ്യമാണ്. മണലും കളിമണ്ണും അടങ്ങിയ മണ്ണാണ് ആദ്യഘട്ട കൃഷിക്കനുയോജ്യം. രണ്ടാം ഘട്ടത്തില്‍ കളിമണ്ണിന്റെ സാന്നിദ്ധ്യം ധാരാളമായുണ്ടാകുന്നത് ഗുണകരമാണ്. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലെ ഭൂപ്രകൃതിയാണ് കോളിഫ്ളവര്‍ കൃഷിക്ക് അനുയോജ്യം. പ്രത്യേകിച്ച് തീരപ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം മണ്ണ് ധാരാളമായി കാണുന്നത്. കൃഷി ആരംഭിക്കുന്നതിന് മുമ്പ്് മണ്ണ് ധാരാളമായി കിളച്ച് മറിച്ച് അയവും വായുസഞ്ചാരവും വരത്തക്ക വിധത്തിലാക്കിയെടുത്ത ശേഷമായിരിക്കണം കോളിഫ്ളവര്‍ കൃഷി തുടങ്ങേണ്ടത്. രണ്ട് ഘട്ടങ്ങളിലായി നാലുതവണ മണ്ണ് ഇളക്കി മറിക്കാം, കൂട്ടത്തില്‍ ആവശ്യത്തിന് ജൈവവളവും ചേര്‍ക്കേണ്ടതാണ്. കാബേജ് കൃഷിയെക്കാളും കൂടുതല്‍ മണ്ണിളക്കി കൃഷി ചെയ്യേണ്ട ഒന്നാണ് കോളിഫ്ളവര്‍.

share this post on...

Related posts