ചെറുവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക; ബ്ലൈന്‍ഡ് സ്പോട്ടുകള്‍ ജീവനെടുക്കും

ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്ത നിരവധി ഭാഗങ്ങള്‍ വലിയ വാഹനങ്ങള്‍ക്കു ചുറ്റുമുണ്ട്. ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ എന്ന് വിശേഷിക്കപ്പെടുന്ന ഈ ഭാഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് സീറ്റ് ഉയരത്തിലാണെങ്കിലും ചെറുവാഹനങ്ങളേക്കാള്‍ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കൂടുതലാണ്. ഇത് തിരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയാത്തതാണ് ഇരുചക്രവാഹന യാത്രികരെ അപകടത്തില്‍ച്ചാടിക്കുന്നത്. ഹെവി വാഹനങ്ങളുടെ മുന്‍വശം ചേര്‍ന്നുനിന്നാല്‍ ഡ്രൈവറുടെ കാഴ്ചയില്‍പ്പെടില്ല. ട്രാഫിക് സിഗ്‌നലിലോ മറ്റോ പതുക്കെ നീങ്ങിത്തുടങ്ങുന്ന ബസിന്റെയൊ ലോറിയുടെയൊ മുന്നിലേക്ക് ഇരുചക്രവാഹനം ഓടിച്ചുകയറ്റിയാല്‍ ഡ്രൈവര്‍ കാണണമെന്നില്ല. ഇടിക്കുമ്പോള്‍ മാത്രമായിരിക്കും ഡ്രൈവര്‍ അറിയുന്നത്. ബ്രേക്ക് ചെയ്ത് നിര്‍ത്താനുള്ള സുരക്ഷിത അകലംപോലും ഉണ്ടാകില്ല. വശങ്ങളിലെ കാഴ്ചയ്ക്കായി വലിയ വാഹനങ്ങളിലെ ഡ്രൈവര്‍ ആശ്രയിക്കുന്നത് റിയര്‍വ്യൂ മിററുകളെയാണ്. ഒന്നിലധികം റിയര്‍വ്യൂ ഗ്ലാസുകള്‍ ഘടിപ്പിച്ചാലും വശങ്ങളിലുള്ളതെല്ലാം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടില്ല. ബസിന്റെയും ലോറിയുടെയും വശങ്ങളോടുചേര്‍ന്ന് യാത്രചെയ്യുന്നത് അപകടകരമാണ്. നഗരത്തിരക്കുകളില്‍ ഇത് പൂര്‍ണമായും സാധ്യമല്ല. എന്നാലും ഹെവി വാഹനങ്ങള്‍ തങ്ങളെ മറികടക്കുമ്പോള്‍ അപകടസാധ്യത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ എടുക്കുകയാണ് സുരക്ഷിതമായ മാര്‍ഗം.

share this post on...

Related posts