ആന്ദ്രേ റസെലിന്റെ വെടിക്കെട്ട് ബാറ്റിങ്; ഐപിഎലില്‍ നൈറ്റ് റൈഡേഴ്‌സിന് ജയത്തോടെ തുടക്കം


കൊല്‍ക്കത്ത: ആന്ദ്രേ റസെലിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐപിഎലില്‍ മികച്ച തുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കൊല്‍ക്കത്ത തോല്‍പ്പിച്ചു. 182 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ലക്ഷ്യം. മൂന്ന് പന്ത് ശേഷിക്കെ കൊല്‍ക്കത്ത ജയം നേടി. റസെല്‍ 19 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെനിന്നു. സ്‌കോര്‍: ഹൈദരാബാദ് 3-181 (20); കൊല്‍ക്കത്ത 4-183 (19.3).
അവസാന നാല് ഓവറിലായിരുന്നു റസെലിന്റെ കടന്നാക്രമണം. യുവതാരം ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്നായിരുന്നു റസെല്‍ കൊല്‍ക്കത്തയെ ജയത്തിലേക്ക് നയിച്ചത്.
അവസാന മൂന്നോവറില്‍ 53 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ ലക്ഷ്യം. 18-ാം ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മയെ രണ്ട് സിക്‌സര്‍ പായിച്ചാണ് റസെല്‍ എതിരേറ്റത്. ആ ഓവറില്‍ 19 റണ്‍ പിറന്നു.


ഹൈദരാബാദ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ 19-ാം ഓവര്‍ എറിയാനെത്തി. ആദ്യ മൂന്ന് പന്തില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറികളും പായിച്ച് റസെല്‍ ഹൈദരാബാദിനെ തകര്‍ത്തു. ആ ഓവറില്‍ 21 റണ്ണാണ് പിറന്നത്.
ഇതോടെ ആറ് പന്തില്‍ 13 റണ്ണായി ലക്ഷ്യം. സ്പിന്നര്‍ ഷാക്കിബ് അല്‍ ഹസന്‍ എറിയാനെത്തി. തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ പായിച്ച് ഗില്‍ കൊല്‍ക്കത്തയ്ക്ക് ആവേശജയമൊരുക്കി.
റസെലിന്റെ ഇന്നിങ്‌സില്‍ നാലുവീതം സിക്‌സറും ബൗണ്ടറികളും ഉള്‍പ്പെട്ടു.
ഓപ്പണര്‍ നിതീഷ് റാണയും(47 പന്തില്‍ 68) നല്ല പ്രകടനം നടത്തി.
വിലക്കിനുശേഷം ആദ്യമായി കളിക്കാനെത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ്(53 പന്തില്‍ 85 ) ഹൈദരാബാദിന് മികച്ച സ്‌കോറൊരുക്കിയത്.മൂന്ന് സിക്‌സറും ഒമ്പത് ബൗണ്ടറികളും പായിച്ചു. എന്നാല്‍, അവസാന ഓവറുകളില്‍ സണ്‍റൈസേഴ്‌സിന് പ്രതീക്ഷിച്ച റണ്‍സ് നേടാനായില്ല.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts